Feb 25, 2015

ചമ്രവട്ടം: മണല്‍ ഇനത്തില്‍ രണ്ടുകോടി കുടിശിക

ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിജ് നിര്‍മാണത്തിനു കരാറുകാര്‍ക്ക് മണല്‍ നല്‍കിയ വകയില്‍ തൃപ്രങ്ങോട് പഞ്ചായത്തിനു രണ്ടു കോടി രൂപയോളം ലഭിക്കാനുള്ളതായി വിവരം. നിര്‍മാണം പൂര്‍ത്തിയായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ കരാറുകാര്‍ കുടിശിക പഞ്ചായത്തില്‍ അടച്ചിട്ടില്ലെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ച വിവരം. റവന്യു വകുപ്പിന് ഇൌ ഇനത്തില്‍ 20 ലക്ഷം രൂപയോളം ലഭിക്കാനുണ്ട്.

തുക എത്രയും വേഗം അടയ്ക്കണമെന്നാവശ്യപ്പെട്ട് തിരൂര്‍ തഹസില്‍ദാര്‍ ചമ്രവട്ടം പ്രോജക്ട് ഓഫിസിലേക്കും കരാറുകാര്‍ക്കും കത്തയച്ചിട്ടുണ്ട്. ഒരു ടണ്‍ മണലിന് 634 രൂപ ഇൌടാക്കാനാണ് ഉത്തരവിട്ടിരുന്നത്. 2008ലെ വിലനിലവാരമനുസരിച്ചാണ് തുക നിശ്ചയിച്ചതെന്നാണ് ഇറിഗേഷന്‍ ഉദ്യോഗസ്ഥരുടെ വാദം. 300 രൂപ തൃപ്രങ്ങോട് പഞ്ചായത്തിനും 300 രൂപ റവന്യു വകുപ്പിനും പത്തു രൂപ ജിയോളജി, 24 രൂപ വാറ്റ് എന്നിവ ഉള്‍പ്പെടുത്തിയാണ് ടണ്ണിന് 634 രൂപ വില നിശ്ചയിച്ചത്.  പഞ്ചായത്തിനു പത്തുലക്ഷത്തില്‍ താഴെയാണ് ഇതുവരെ ലഭിച്ചത്. പദ്ധതി നിര്‍മാണത്തിന് ആവശ്യമായി വന്നത് 63,165 ടണ്‍ മണലാണ്.

നാലു കോടി രൂപ മാത്രമാണ് കരാറുകാര്‍ക്ക് മണലിനുവേണ്ടി ആകെ ചെലവഴിക്കേണ്ടി വന്നത്. ബ്രിജ് നിര്‍മാണത്തിന്റെ ഭാഗമായി പുഴയില്‍നിന്നു പുറത്തെടുത്ത 60,000 ടണ്‍ മണല്‍ കാണാതായതിനു പുറമേയാണ് പാലം നിര്‍മാണത്തിന് 63,165 ടണ്‍ മണല്‍ പുഴയില്‍നിന്നു വാരി ഉപയോഗിച്ചത്. ചമ്രവട്ടം പാലം
നിര്‍മാണം തുടങ്ങിയതിനു ശേഷം ഏതാണ്ട് 1,20,000 ടണ്‍ മണല്‍ ഭാരതപ്പുഴയില്‍നിന്നു നഷ്ടപ്പെട്ടു.

152 കോടി രൂപയോളം ചെലവ് വന്ന റഗുലേറ്റര്‍ കം ബ്രിജ് നിര്‍മാണത്തില്‍ കരാറുകാര്‍ക്ക് കുറഞ്ഞ വിലയില്‍ മണല്‍ നല്‍കിയത് പാകപ്പിഴയാണെന്ന ആക്ഷേപം ശക്തമായി. ടെന്‍ഡറില്ലാതെയാണ് പുഴയോരഭിത്തി നിര്‍മാണത്തിനു പാലം നിര്‍മാണം ഏറ്റെടുത്തവര്‍ക്കുതന്നെ കരാര്‍ നല്‍കിയത് എന്നതും ഏറെ ആക്ഷേപങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.

No comments :