Apr 9, 2014

20 ഏക്കര്‍ നെല്‍ക്കൃഷി ഉണക്ക ഭീഷണിയില്‍

ബിയ്യം റഗുലേറ്റര്‍ കം ബ്രിജിനെ വിശ്വസിച്ച് കൃഷിയിറക്കിയ കര്‍ഷകര്‍ വെട്ടിലായി; 20 ഏക്കര്‍ നെല്‍ക്കൃഷി ഉണക്ക ഭീഷണിയില്‍. കാഞ്ഞിരമുക്ക് പമ്പ്ഹൌസിനു സമീപത്തെ കാടാഞ്ചേരി പാടശേഖരത്ത് കൃഷിയിറക്കിയ കര്‍ഷകരാണ് ബുദ്ധിമുട്ടിലായത്.

മൂന്നു പതിറ്റാണ്ടുകാലം തരിശിട്ടിരുന്ന പാടശേഖരത്ത് 2010ല്‍ കൃഷിയിറക്കിയിരുന്നെങ്കിലും പുളിവെള്ളം കയറി കൃഷി നശിച്ചതോടെ കര്‍ഷര്‍ പിന്മാറിയിരുന്നു. അന്ന് ബിയ്യം റഗുലേറ്റര്‍ കം ബ്രിജിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചിരുന്നില്ല. ഈ വര്‍ഷം ബിയ്യം ബ്രിജ് നിര്‍മാണം പൂര്‍ത്തിയായതോടെ പുളിവെള്ളം കയറില്ലെന്നു വിശ്വസിച്ചാണ് കൃഷിയിറക്കിയതെന്ന് പൂണക്കാട്ടിയില്‍ അബ്ദുല്‍സലാം, പള്ളത്ത് രഘുദാസ്, കൊടായിക്കല്‍ ഷാജന്‍ എന്നിവര്‍ പറഞ്ഞു.

എന്നാല്‍ റഗുലേറ്ററിന്റെ നിര്‍മാണം അശാസ്ത്രീയമാണെന്നും അതുമൂലം വേലിയേറ്റസമയത്ത് വെള്ളം ഒഴുകി കൃഷിമേഖലയിലേക്ക് എത്തുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥര്‍ക്കു പരാതി നല്‍കിയെങ്കിലും ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്ന മറുപടിയാണ് ലഭിച്ചതത്രേ. ആവശ്യത്തിനു വെള്ളം ലഭിക്കാത്തതും കര്‍ഷകരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. നെല്‍ക്കൃഷിക്ക് ഉണക്കം ബാധിച്ചതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചതെന്നു കര്‍ഷകര്‍ പറഞ്ഞു.

No comments :