Mar 13, 2015

പൊന്നാനി ബസ് സ്റ്റാന്‍ഡിന് ഒടുവില്‍ ശാപമോക്ഷം; കോണ്‍ക്രീറ്റിങ് പൂര്‍ത്തിയായി

വര്‍ഷങ്ങളോളം തകര്‍ന്നുകിടന്ന നഗരസഭാ ബസ് സ്റ്റാന്‍ഡിനു ശാപമോക്ഷം. ടാര്‍ ഇളകി ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട സ്റ്റാന്‍ഡ് പൂര്‍ണമായി കോണ്‍ക്രീറ്റ് ചെയ്തു. 15 ലക്ഷം രൂപ മുടക്കിയ നിര്‍മാണം ഇന്നലെ പൂര്‍ത്തിയായി. സ്റ്റാന്‍ഡില്‍ പുതിയ വിശ്രമകേന്ദ്രം നിര്‍മിക്കുന്നതിനു പദ്ധതി തയാറാക്കിയിട്ടുണ്ട്. 

ബസ് സ്റ്റാന്‍ഡ് വികസിപ്പിക്കുന്നതിനായി തൊട്ടടുത്ത സ്വകാര്യ ഭൂമി ഏറ്റെടുക്കാന്‍ നഗരസഭാ നീക്കമുണ്ടായിരുന്നെങ്കിലും സാങ്കേതിക തടസ്സങ്ങളാല്‍ താല്‍ക്കാലികമായി ഉപേക്ഷിച്ചു. ബസ് സ്റ്റാന്‍ഡിന്റെ തകര്‍ച്ചമൂലം ബസ് ജീവനക്കാരും യാത്രക്കാരും ഏറെ പ്രയാസമനുഭവിച്ചിരുന്നു. മിക്ക ബസുകളും സ്റ്റാന്‍ഡിലേക്കു കയറ്റിയിരുന്നില്ല. ബസുകള്‍ക്കു തിരിക്കാനോ പെട്ടെന്നു കടന്നുപോകാനോ ഉള്ള സ്ഥലസൌകര്യം ഇപ്പോഴും സ്റ്റാന്‍ഡില്‍ ഇല്ല.

നവീകരണം നടക്കുന്നതിനാല്‍ ദിവസങ്ങളായി അടച്ചിട്ട സ്റ്റാന്‍ഡ് രണ്ടു ദിവസത്തിനകം തുറന്നുകൊടുക്കും. പുത്തന്‍പള്ളി - ഗുരുവായൂര്‍ റൂട്ടിലോടുന്ന ബസുകള്‍ ബസ് സ്റ്റാന്‍ഡിലേക്കു പ്രവേശിക്കാതെ കുണ്ടുകടവ് ജംക്ഷനില്‍ നിര്‍ത്തിയിടുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ നഗരസഭ മോട്ടോര്‍ വാഹന വകുപ്പിനോടാവശ്യപ്പെട്ടിട്ടുണ്ട്. മാസങ്ങള്‍ക്കു മുന്‍പ് നവീകരിച്ച കംഫര്‍ട്ട് സ്റ്റേഷന്റെ പ്രവര്‍ത്തനം സ്റ്റാന്‍ഡ് തുറന്നു കൊടുക്കുന്നതോടെ കൂടുതല്‍ സജീവമാക്കും.

No comments :