Aug 10, 2015

ആഴക്കടലില്‍ ബോട്ടുകള്‍ കൂട്ടിയിടിച്ചു; ഒരു ബോട്ട് മുങ്ങി

ആഴക്കടലില്‍ മീന്‍പിടിത്തബോട്ടുകള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ ഒരു ബോട്ട് കടലില്‍ മുങ്ങി. വെള്ളത്തിലേക്ക് തെറിച്ചുവീണ മീന്‍പിടിത്തത്തൊഴിലാളികളെ രക്ഷിച്ച് കരയ്‌ക്കെത്തിച്ചു.

ഞായറാഴ്ച പുലര്‍ച്ചെ നാലിന് പൊന്നാനി തീരത്തുനിന്ന് മുപ്പതുകിലോമീറ്റര്‍ അകലെ ആഴക്കടലിലായിരുന്നു അപകടം. 
ചേറ്റുവ മുനക്കടവ് അഞ്ചങ്ങാടിയില്‍നിന്ന് മീന്‍പിടിക്കാന്‍പോയ കൊളക്കായില്‍ കാദറിന്റെ ഉടമസ്ഥതയിലുള്ള നൂറുല്‍ഹുദ ബോട്ടും പൊന്നാനിയില്‍നിന്ന് മീന്‍പിടിക്കാന്‍ പോയ മദനിയ ബോട്ടുമാണ് കൂട്ടിയിടിച്ചത്.

കടലിലെ കനത്ത മൂടല്‍മഞ്ഞാണ് അപകടത്തിന് കാരണമായതെന്നറിയുന്നു. ഇടിയുടെ ആഘാതത്തില്‍ കടലിലേക്കു തെറിച്ചുവീണ നൂറുല്‍ഹുദ ബോട്ടിലെ തൊഴിലാളികളായ സ്രാങ്ക്, പൊന്നാനി അഴിക്കല്‍ സ്വദേശി സിദ്ദീഖ് (43), കുട്ടൂസുക്കാന സക്കറിയ(28), ആലപ്പുഴ സ്വദേശി സുഭാഷ്, ബംഗാളികളായ ലിനല്‍, ദാസ്, സുഭാഷ്, ആനന്ദ് എന്നിവരെ മദനിയ ബോട്ടിലെ തൊഴിലാളികള്‍തന്നെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിക്കുകയായിരുന്നു. കടലിലെ മൂടല്‍മഞ്ഞു കാരണം പരസ്​പരം കാണാതിരുന്നതാണ് ബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിക്കാന്‍ കാരണമായത്. നൂറുല്‍ഹുദ ബോട്ട് പൂര്‍ണമായും കടലിനടിത്തട്ടിലേക്ക് താഴ്ന്നുപോയി. കടലില്‍മുങ്ങിയ ബോട്ടിന് 13 ലക്ഷം രൂപയോളം വിലവരും.

No comments :