Dec 30, 2013

വീടുകളിലും ലോഡ്ജിലും മോഷണം; മൂന്നുപേര്‍ അറസ്റ്റില്‍

                              

വീടുകളിലും ലോഡ്ജിലും മോഷണം നടത്തിയ കേസില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ്‌ചെയ്തു. പൊന്നാനി മരക്കടവ് സ്വദേശി മൂസാന്റെപുരയ്ക്കല്‍ അലി എന്ന ഇരുമ്പലി (27), പൊന്നാനി നഗരം സ്വദേശി കപ്പൂരിന്റെവീട്ടില്‍ ആസിഫ് (22), മരക്കടവ് സ്വദേശി തറീക്കാനകത്ത് ഖനീഫ (28) എന്നിവരെയാണ് എസ്.ഐ പി.ജി. ഗോപി, പോലീസുകാരനായ ടി.എം. വിനോദ്എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ്‌ചെയ്തത്.

ഡിസംബര്‍ 13ന് പുലര്‍ച്ചെ രണ്ടുമണിക്ക് പൊന്നാനി അഴീക്കല്‍ സ്വദേശി സ്രാങ്കിനകത്ത് ഇബ്രാഹിമിന്റെ കുഞ്ഞിമ്മയുടെ വീട്ടില്‍ അതിക്രമിച്ചുകയറി സ്ത്രീയെ ഭീഷണിപ്പെടുത്തി അലമാരയില്‍ സൂക്ഷിച്ച 5000 രൂപ അലി മോഷ്ടിച്ചതായി പോലീസ് പറഞ്ഞു.

നരിപ്പറമ്പ് പൊന്നംകുണ്ട് വീട്ടില്‍ മുഹമ്മദ്‌സലീമിന്റെ വീട്ടില്‍നിന്ന് ഡിസംബര്‍ 22ന് രാത്രി ജനാല വഴി അകത്തിരുന്ന മൊബൈല്‍ഫോണും മോഷ്ടിച്ചു. 

തുടര്‍ന്ന് നരിപ്പറമ്പിലെ തമിഴ്‌നാട്, ഉത്തരേന്ത്യന്‍ സ്വദേശികള്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സില്‍നിന്ന് ഏഴ് മൊബൈല്‍ഫോണുകള്‍ മോഷ്ടിച്ചത് പ്രതികള്‍ മൂന്നുപേരും ചേര്‍ന്നായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

നിരവധി പിടിച്ചുപറി, മോഷണക്കേസുകളില്‍ പ്രതിയായ അലി എന്ന ഇരുമ്പലിയെ അറസ്റ്റുചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് ആസിഫും ഖനീഫയും മോഷണക്കേസില്‍ ഉള്‍പ്പെട്ടതായ വിവരം ലഭിച്ചത്. പ്രതികളെ പൊന്നാനി മുന്‍സിഫ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

No comments :