Jan 2, 2014

ചമ്രവട്ടം ബ്രിജ് പുനര്‍നിര്‍മാണം പൂര്‍ത്തിയായി; പരീക്ഷണാടിസ്ഥാനത്തില്‍ അടുത്ത ദിവസം ജലം സംഭരിക്കും

ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിജിലെ ചോര്‍ച്ചയുണ്ടായ ഭാഗങ്ങളില്‍ പുനര്‍നിര്‍മാണം പൂര്‍ത്തിയായി. അടുത്ത ദിവസം പരീക്ഷണാടിസ്ഥാനത്തില്‍ മുഴുവന്‍ ഷട്ടറുകളും താഴ്ത്തി ജലം സംഭരിക്കും. ഇറിഗേഷന്‍ സെന്‍ട്രല്‍ സര്‍ക്കിള്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ ഇന്നു രാവിലെ പദ്ധതിപ്രദേശം വിലയിരുത്താനെത്തും. കഴിഞ്ഞ മാസം പുഴമധ്യത്തില്‍ പത്തോളം പിയര്‍ ഗ്യാപ്പുകളിലാണ് തകര്‍ച്ചയുണ്ടായത്. പാലത്തിലെ ഏപ്രണു താഴെ പുഴയുടെ അടിത്തട്ടിലൂടെയാണ് വെള്ളം ഒഴുകിയിരുന്നത്. 

ഇൌ ഭാഗങ്ങളില്‍ മണല്‍ പമ്പ് ചെയ്ത് ചോര്‍ച്ചയടച്ചു. 42 മുതല്‍ 51 വരെയുള്ള പിയര്‍ ഗ്യാപ്പുകളിലൂടെയാണ് ജലം കടലിലേക്ക് ഒഴുകിയത്. കഴിഞ്ഞ വര്‍ഷവും ഇതേ സമയത്ത് ഷീറ്റ് പൈലുകള്‍ തകര്‍ന്നിരുന്നു. പുഴയില്‍ ജലനിരപ്പുയര്‍ന്നതോടെ ഇരുപത്തി ഒന്‍പതാമത്തെ ഷട്ടറിലാണ് നേരത്തേ ചോര്‍ച്ചയുണ്ടായിരുന്നത്. നിലവിലെ ഷീറ്റ് പൈലുകള്‍ക്ക് അഭിമുഖമായി 90 മീറ്റര്‍ നീളത്തില്‍ പുഴയുടെ മധ്യഭാഗത്തായി പുതിയ ഷീറ്റ് പൈലുകള്‍ സ്ഥാപിക്കണമെന്ന ആവശ്യവും നടപ്പായിട്ടില്ല. 

ചമ്രവട്ടം പദ്ധതിയില്‍ വിഭാവനം ചെയ്തതിലും മൂന്നിരട്ടി ജലമാണ് പുഴയില്‍ സംഭരിക്കുന്നത്. അത് പാലത്തിന്റെ സംഭരണശേഷിയെ ബാധിക്കുന്നുണ്ട്. പദ്ധതി വിഭാവനം ചെയ്ത കാലത്തുണ്ടായിരുന്ന പുഴയുടെ സാഹചര്യങ്ങളില്‍നിന്ന് ഒട്ടേറെ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. 40 ലക്ഷം ടണ്‍ മണലാണ് ഇൌ ഭാഗങ്ങളില്‍നിന്ന് കടത്തിയത്. നേരത്തേ ജലം സംഭരിച്ചിരുന്ന അതേ ഉയരത്തില്‍ത്തന്നെ പുഴയില്‍ അടുത്ത ദിവസം മുതല്‍ വീണ്ടും ജലസംഭരണം നടക്കുമെന്ന് ചമ്രവട്ടം പ്രോജക്ട് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ എ. ഉസ്മാന്‍ പറഞ്ഞു.

No comments :