Jan 12, 2014

പൊന്നാനിക്ക് മാലിന്യക്കൂമ്പാരം ഇനി വെല്ലുവിളിയല്ല

മാലിന്യവും മലിനജലവും ഇനി പൊന്നാനിക്ക് പൊന്ന്. മാലിന്യം വരുമാനവും മലിനജലം ശുദ്ധജലവുമാക്കുന്ന ഡിഎംആര്‍സിയുടെ പദ്ധതിയിലൂടെ നഗരത്തെ വിഴുങ്ങിയിരുന്ന 'വില്ലന്‍മാരെ നഗരമുന്നേറ്റത്തിന് ഉപയോഗിക്കുകയാണ്. മാലിന്യസംസ്കരണത്തിലൂടെ ജൈവ വളമായും, പ്ളാസ്റ്റിക്-ഇലട്രോണിക് ഉല്‍പന്നങ്ങളായും മാറ്റുന്ന ബൃഹത് പദ്ധതി തീരദേശത്തെ പ്രത്യാശയിലേക്കാണ് നയിക്കുന്നത്.

മാലിന്യം പാഴാക്കാതെ സംസ്കരണ യൂണിറ്റിലെത്തിച്ചാല്‍ അത്രയും ലാഭമാണ് നഗരസഭയ്ക്കുണ്ടാകുക. ദീര്‍ഘവീക്ഷണത്തോടെ നടപ്പാക്കുന്ന പദ്ധതി ആരോഗ്യരംഗത്തും ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. മാലിന്യസംസ്കരണ പ്ളാന്റ് എന്ന പതിവു കാഴ്ചപ്പാടില്‍നിന്നു വ്യത്യസ്ത സമീപനമാണ് സംസ്കരണ പദ്ധതിയിലൂടെ ഇ. ശ്രീധരനും ഡിഎംആര്‍സിയും മുന്നോട്ടു വയ്ക്കുന്നത്. സംസ്ഥാനം ഇന്നേവരെ കണ്ടിട്ടില്ലാത്ത രീതിയിലാകും യൂണിറ്റ് പ്രവര്‍ത്തനം.

ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ മാലിന്യം വിവിധ ഉല്‍പന്നങ്ങളാക്കി മാറ്റുന്ന യൂണിറ്റ് നഗരവികസനത്തിനു പുറമേ തൊഴില്‍സാധ്യതകള്‍ക്കും വഴിയൊരുക്കും. തരംതിരിച്ചെത്തുന്ന മാലിന്യങ്ങള്‍ ഒരു മണിക്കൂറിലധികംപോലും സൂക്ഷിക്കാതെ ഉടന്‍ സംസ്കരിക്കുന്ന രീതിയായതിനാല്‍ ദുര്‍ഗന്ധവും പകര്‍ച്ചവ്യാധികളും പടരുമെന്ന ആശങ്കയും ഇല്ലാതാക്കുന്നു. സമഗ്ര അഴുക്കുചാല്‍ പദ്ധതിയുടെ ഭാഗമായി മലിനജലം ശുദ്ധജലമാക്കുന്ന പദ്ധതിയും ഏറെ പ്രതീക്ഷകള്‍ നല്‍കുന്നു. വരള്‍ച്ചാകാലത്ത് കൃഷിയിടങ്ങളെ ഈര്‍പ്പമുള്ളതാക്കാന്‍ ഈ പദ്ധതി സഹായകമാകും.

No comments :