നഗരംനേരിടുന്ന പ്രശ്‌നങ്ങള്‍ക്കുമേല്‍ ഡെല്‍ഹിമെട്രോ മുന്‍സാരഥി ഇ.ശ്രീധരന്റെ ഇടപെടലുകള്‍ക്ക് പൊന്നാനിയുടെ അനുമതി. മാലിന്യം, കുടിവെള്ളം, അഴുക്ക്ചാല്‍, വൈദ്യുതി ശ്മശാനം, കൊതുക് നിവാരണം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ് ഇ.ശ്രീധരന്‍ നിര്‍ദേശിച്ചത്. പ്രശ്‌ന പരിഹാരങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വ്യാഴാഴ്ച വിളിച്ചുചേര്‍ത്ത വികസനസെമിനാറില്‍ പൊന്നാനിയുടെ നാനാതുറകളിലുള്ള നൂറ്കണക്കിനാളുകള്‍ പങ്കെടുത്ത് ശ്രീധരനും, ഡി.എം.ആര്‍.സിക്കും പിന്തുണ ഉറപ്പു നല്‍കി. പൊന്നാനിയിലെ താമസക്കാരനെന്ന നിലയില്‍ മുഴുവന്‍ പ്രശ്‌നപരിഹാരങ്ങള്‍ക്കും കൂടെയുണ്ടാകുമെന്ന വാഗ്ദാനം ശ്രീധരനും തിരിച്ചു നല്‍കി.
കുടിവെള്ള പ്രശ്‌നത്തിനാണ് പ്രഥമപരിഗണന നല്‍കുന്നത്. നഗരസഭ തയ്യാറാക്കിയ 66.62 കോടി രൂപയുടെ കുടിവെള്ളശുദ്ധീകരണപദ്ധതിയാണ് മൂന്നുവര്‍ഷം കൊണ്ട് നടപ്പാക്കുക.
കുടിവെള്ളത്തിനുളള ഗുണഭോക്തൃവിഹിതം കണ്ടെത്തുന്നതിനായി പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങുകയും, ഈ തുക വകമാറ്റി ചെലവഴിക്കാതെയും, ലാപ്‌സായി പോകാതെയും ശേഖരിക്കപ്പെടണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. പൊന്നാനിയിലെ മുഴുവന്‍ കുടുംബങ്ങളും ഇതിലേക്ക് 500 രൂപ സംഭാവന ചെയ്യണം.
അത്യാധുനിക രീതിയിലുളള മാലിന്യപ്ലാന്റിന്റെ നിര്‍മ്മാണത്തിന് ഡി.എം.ആര്‍.സി നേതൃത്വം നല്‍കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. മാലിന്യത്തിലൂടെ സമ്പത്ത് എന്നതാണ് ലക്ഷ്യമിടുന്നതെന്നും ശ്രീധരന്‍ വിശദീകരിച്ചു. ഇതിനായി എന്‍.ജി.ഒകള്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കണം. മാലിന്യ പ്ലാന്റിന്റെ വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് ഡി.എം.ആര്‍.സി മുന്‍ കയ്യെടുക്കും. ഡി.പി.ആര്‍ തയ്യാറാക്കുന്ന ചെലവിലേക്ക് കൊച്ചിന്‍ മെട്രോ, മോണോറെയില്‍ പദ്ധതികളില്‍ നിന്ന് ഡി.എം.ആര്‍.സിക്ക് ലഭിക്കുന്ന തുകയുടെ ഒരു വിഹിതം ലഭ്യമാക്കാന്‍ ശ്രമിക്കാമെന്നും ശ്രീധരന്‍ പറഞ്ഞു.
സമഗ്ര അഴുക്ക്ചാല്‍ പദ്ധതിയുടെ കാര്യത്തില്‍ അനിവാര്യമായ ഇടപെടല്‍ ആവശ്യമാണെന്ന് ശ്രീധരന്‍ പറഞ്ഞു. 81 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് വരിക. മലിനജലം സംസ്‌കരിച്ച് ഉപയോഗപ്പെടുത്താവുന്ന രീതിയില്‍ ഭൂഗര്‍ഭഅഴുക്ക് ചാല്‍ പദ്ധതിയാണ് ലക്ഷ്യമിടുന്നത്. ഇത് സംബന്ധിച്ച പ്രാഥമിക പഠനം ഡി.എം.ആര്‍.സി നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. എ.ഡി.ബി ഉള്‍പ്പെടെയുളള ഏജന്‍സികളില്‍ നിന്ന് ഫണ്ട് ലഭ്യമാക്കാന്‍ ശ്രമിക്കാമെന്നും മെട്രോമാന്‍ ഉറപ്പുനല്‍കി.
നഗരസഭയിലെ പൊതുശ്മശാനം വൈദ്യുതീകരിച്ച് നവീകരിക്കുന്നതാണ് ശ്രീധരന്‍ ഉറപ്പു നല്‍കിയ മറ്റൊരു പദ്ധതി. പി.പി.പി മാതൃകയില്‍ പദ്ധതി നടപ്പാക്കാന്‍ തയ്യാറുളള കമ്പനികള്‍ ഉണ്ടെന്നും ഇക്കാര്യത്തില്‍ ഡി.എം.ആര്‍.സി നേതൃത്വം നല്‍കാമെന്നും അദ്ദേഹം വ്യക്തമാക്കി.
നഗരത്തിലെ കൊതുക് നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഡി.എം.ആര്‍.സിയുടെ സാങ്കേതിക സഹായവും ശ്രീധരന്‍ ഉറപ്പു നല്‍കി. സെമിനാറില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പി.ബീവി അദ്ധ്യക്ഷത വഹിച്ചു. പി.ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി.
No comments :
Post a Comment