Jan 14, 2014

പൊന്നാനി നഗരസഭയിലെ രണ്ട് പദ്ധതികളില്‍ കൂടി ഇ. ശ്രീധരന്റെ ഇടപെടല്‍

നിര്‍മാണം അനിശ്ചിതത്വത്തില്‍ നില്‍ക്കുന്ന പൊന്നാനി നഗരസഭയിലെ രണ്ട് പദ്ധതികളില്‍ കൂടി ഇ. ശ്രീധരന്റെ ഇടപെടല്‍. പൂക്കൈതക്കടവിലെയും കനോലികനാലിന് കുറുകെയുള്ള അഞ്ചാംനമ്പര്‍ പാലത്തിന്റെയും പണിയുമായി ബന്ധപ്പെട്ടാണ് ഇ. ശ്രീധരന്റെ ഇടപെടല്‍ നഗരസഭ ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടിടങ്ങളിലും ഇ. ശ്രീധരന്‍ ഇന്നലെ സന്ദര്‍ശനം നടത്തി. നഗരസഭയില്‍ ഡി.എം.ആര്‍.സി വിഭാവനംചെയ്യുന്ന സമഗ്ര അഴുക്കുചാല്‍ പദ്ധതിയുടെ ഭാഗമായുള്ള സന്ദര്‍ശനത്തിനിടെയാണ് കടവനാട് പൂക്കൈതക്കടവിലും പുതുപൊന്നാനി കനോലികനാലിന് തീരത്തും അദ്ദേഹം സന്ദര്‍ശനം നടത്തിയത്. പൊന്നാനി നഗരസഭയെയും വെളിയങ്കോട് പഞ്ചായത്തിനെയും എളുപ്പം ബന്ധിപ്പിക്കുന്ന പൂക്കൈതക്കടവ് പാലത്തിന്റെ നിര്‍മാണത്തില്‍ പൂര്‍ണ സഹകരണം ശ്രീധരന്‍ ഉറപ്പ് നല്‍കി. പദ്ധതിയുടെ ഡി.പി.ആര്‍ തയ്യാറായശേഷം ഇതുസംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കാമെന്ന് അദ്ദേഹം വ്യക്തമാക്കി. പുതുപൊന്നാനി- കുറ്റിപ്പുറം ദേശീയ പാതയ്ക്ക് സമാന്തരമായി ബൈപ്പാസാണ് പൂക്കൈതക്കടവിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ പ്രാഥമിക പണികള്‍ക്കായി ദേശീയപാത അതോറിറ്റി ഏഴുലക്ഷം രൂപ നേരത്തെ അനുവദിച്ചിട്ടുണ്ട്. പാലം നിര്‍മിക്കുന്നതിനുള്ള മണ്ണുപരിശോധനയും മറ്റും പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. പൂക്കൈതക്കടവ് മുതല്‍ കൊല്ലന്‍ പടി വരെയുളള ഭാഗത്ത് റോഡ് വീതി കൂട്ടേണ്ടതായുണ്ട്. ഇതിനായി ഭൂമി ഏറ്റെടുക്കേണ്ടിവരും. 75 കോടിയിലേറെ നിര്‍മ്മാണച്ചെലവ് വരുമെന്നാണ് കരുതുന്നതെന്നും ശ്രീധരന്‍ പറഞ്ഞു. ഇക്കാര്യങ്ങളില്‍ ദേശീയപാത അധികൃതരാണ് നടപടികള്‍ സ്വീകരിക്കേണ്ടതെന്നും കൂട്ടിച്ചേര്‍ത്തു. കനോലികനാലിന് കുറുകെയുള്ള തകര്‍ന്നുകിടക്കുന്ന അഞ്ചാംനമ്പര്‍ പാലവും ശ്രീധരന്‍ സന്ദര്‍ശിച്ചു. ദേശീയ ജലപാത വികസനം യാഥാര്‍ഥ്യമാകുന്നതിന് അനുസൃതമായി പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനുള്ള നിര്‍ദേശങ്ങളാണ് നഗരസഭ ആവശ്യപ്പെട്ടത്. ജലഗതാഗതത്തിനും വാഹന ഗതാഗതത്തിനും സഹായകമാകുന്ന തരത്തിലുള്ള പാലമാണ് നഗരസഭ ലക്ഷ്യമിടുന്നത്. താത്കാലിക നടപ്പാലമാണ് പ്രദേശത്തുകാര്‍ മറുകര കടക്കാന്‍ ഇപ്പോള്‍ ആശ്രയിക്കുന്നത്. നഗരത്തില്‍ നടപ്പാക്കുന്ന സമഗ്ര അഴുക്കുചാല്‍ പദ്ധതിയുടെ ഭാഗമായി മലിനജലം ശുദ്ധീകരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ സജീകരിക്കുന്നതിന് സൗകര്യപ്രദമായ സ്ഥലങ്ങള്‍ കണ്ടെത്തുകയെന്നതും ശ്രീധരന്റെ ഇന്നലത്തെ സന്ദര്‍ശനത്തില്‍ ഉള്‍പ്പെട്ടിരുന്നു. നഗരത്തിലെ മാലിന്യം, കുടിവെള്ളം, അഴുക്കുചാല്‍, ശ്മശാനം, കൊതുക് നിവാരണം തുടങ്ങിയ പ്രശ്‌നങ്ങളിലാണ് ഡി.എം.ആര്‍.സി യുടെ മുന്‍കയ്യോടെ ശ്രീധരന്‍ ഇടപെട്ടിരുന്നത്. ഇക്കാര്യങ്ങളിലുള്ള നിര്‍ദേശങ്ങളും അഭിപ്രായങ്ങളും കഴിഞ്ഞദിവസം നടന്ന വികസനസെമിനാറില്‍ ചര്‍ച്ച ചെയ്തിരുന്നു. സന്ദര്‍ശനസംഘത്തില്‍ നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഉണ്ണികൃഷ്ണ്‍ പൊന്നാനി, കൗണ്‍സിലര്‍മാരായ പുന്നക്കല്‍ സുരേഷ്, കടപ്രത്തകത്ത് ആയിഷ, കെ.പി. അബ്ദുല്‍ ജബ്ബാര്‍ എന്നിവരുമുണ്ടായിരുന്നു

No comments :