Jan 9, 2014

ചമ്രവട്ടത്ത് ജലസംഭരണം തുടങ്ങി

ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിജില്‍ ചോര്‍ച്ചയുള്ള ഭാഗങ്ങള്‍ അടച്ച് പുഴയില്‍ വീണ്ടും ജലം സംഭരിക്കാന്‍ തുടങ്ങി. 2.4 മീറ്റര്‍ ഉയരത്തില്‍ വരെ ജലം സംഭരിച്ചു. നേരത്തെ ചോര്‍ച്ചയുണ്ടായ 40 മുതല്‍ 50 വരെയുള്ള പിയര്‍ ഗ്യാപ്പുകളില്‍ വീണ്ടും നേരിയ ചോര്‍ച്ചകളുണ്ടായെങ്കിലും ഇൌ ഭാഗത്ത് മണല്‍ പമ്പ് ചെയ്ത് ഫില്ലിങ് നടക്കുന്നുണ്ട്. ഇൌ വര്‍ഷംതന്നെ ജലസംഭരണം സാധ്യമാകുമെന്ന് ഉദ്യോഗസ്ഥര്‍ പ്രത്യാശ പ്രകടപ്പിച്ചു. അമിത മണലെടുപ്പുമൂലം പുഴയുടെ അടിത്തട്ട് താഴ്ന്നുപോകുന്നതിനാലാണ് റഗുലേറ്ററിന് ചോര്‍ച്ച സംഭവിക്കുന്നത്. പുഴയില്‍നിന്നു കാര്യമായി മണല്‍ ഒഴുകിപ്പോയതിനാല്‍ ബ്ളോക്ക് ഏപ്രണുകള്‍ നിരതെറ്റി താഴ്ന്നും പൊങ്ങിയും കിടക്കുന്ന സ്ഥിതിയിലാണ്. പുഴയില്‍ ചുരുങ്ങിയത് മൂന്ന് മീറ്റര്‍ ഉയരത്തിലെങ്കിലും ജലം കെട്ടിനിര്‍ത്തും. പത്ത് പിയര്‍ ഗ്യാപ്പുകളില്‍ ചോര്‍ച്ചയുണ്ടായതിനാല്‍ വീണ്ടും ചോര്‍ച്ചയ്ക്കുള്ള സാധ്യതയും ഉദ്യോഗസ്ഥര്‍ തള്ളിക്കളയുന്നില്ല. മുഴുവന്‍ ഷട്ടറുകളും താഴ്ത്തി ജലസംഭരണം തുടങ്ങിയതിനാല്‍ സമീപവാസികള്‍ ജാഗ്രത പാലിക്കണമെന്നും ഏതുനിമിഷവും തകരാറുകള്‍ സംഭവിക്കാവുന്നതിനാല്‍ പുഴയിലിറങ്ങി മല്‍സ്യബന്ധനം നടത്തുന്നവര്‍ സൂക്ഷിക്കണമെന്നും ബന്ധപ്പെട്ടവര്‍ മുന്നറിയിപ്പ് നല്‍കി. നാല് മീറ്റര്‍ ഉയരത്തില്‍ വരെ ജലസംഭരണം സാധ്യമാകുമെങ്കിലും നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഇൌ വര്‍ഷവും ഇത്രയും ഉയരത്തില്‍ ജലം സംഭരിക്കാനാകില്ലെന്നാണ് അറിയുന്നത്.

No comments :