Feb 11, 2014

നെയ്തല്ലൂരിലെ മാലിന്യപ്ലാന്റ്: നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി

നെയ്തല്ലൂരിലെ മാലിന്യസംസ്‌കരണ പദ്ധതിയില്‍നിന്ന് നഗരസഭാ അധികൃതര്‍ പിന്മാറണമെന്നാവശ്യപ്പെട്ട് സംയുക്ത ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ നഗരസഭ കാര്യാലയത്തിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.

ധര്‍ണ പ്രൊഫ. ശോഭീന്ദ്രന്‍ ഉദ്ഘാടനംചെയ്തു. ശിവരാമന്‍ പൊന്നാനി അധ്യക്ഷതവഹിച്ചു. അലി ചെറുവത്തൂര്‍, ചക്കൂത്ത് രവീന്ദ്രന്‍, ഇ.ടി. ഹരിദാസന്‍, എന്‍.പി. കുഞ്ഞിമോന്‍, എം.പി. അമീര്‍, സി.കെ. മുഹമ്മദ്ഹാജി, പി. അബുഹാജി, എ.വി. ബാപ്പുട്ടി, വി.എം. ഫര്‍ഹാന്‍, മുത്തുകൃഷ്ണന്‍, സുരേഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
 
 
നെയ്തല്ലൂരിലെ മാലിന്യ സംസ്കരണ പ്ളാന്റിനെതിരെ പ്രതിഷേധം

ഡിഎംആര്‍സിയുടെ പിന്തുണയോടെ നെയ്തല്ലൂരില്‍ മാലിന്യ സംസ്കരണ പ്ളാന്റ് സ്ഥാപിക്കുന്നതിനെതിരെ നഗരസഭയിലേക്ക് ജനകീയ മാര്‍ച്ചും ധര്‍ണയുംനടത്തി. സ്ത്രീകളും കുട്ടികളുമടക്കം പ്രദേശത്തെ നൂറുകണക്കിനാളുകള്‍ നെയ്തല്ലൂരില്‍നിന്ന് ഏഴു കിലോമീറ്റര്‍ കാല്‍നടയായെത്തി നഗരസഭാ കാര്യാലയത്തിനു മുന്‍പില്‍ ധര്‍ണ നടത്തുകയായിരുന്നു.

ബിയ്യം കായലിന്റെ തീരത്തുള്ള ഭൂമിയില്‍ സംസ്കരണ പ്ളാന്റ് സ്ഥാപിക്കുന്നത് പരിസ്ഥിതി മലിനീകരണവും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുമുണ്ടാക്കുമെന്നും ഇൌ നീക്കത്തില്‍നിന്നു നഗരസഭയും ഡിഎംആര്‍സിയും പിന്മാറണമെന്നും സമരാനുകൂലികള്‍ ആവശ്യപ്പെട്ടു. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്നലെ ഉച്ചവരെ ബിയ്യം, നെയ്തല്ലൂര്‍ ഭാഗങ്ങളില്‍ ഹര്‍ത്താല്‍ ആചരിച്ചു.

ഇന്നലെ രാവിലെ ഒന്‍പതു മണിയോടെ നെയ്തല്ലൂരില്‍നിന്നു പുറപ്പെട്ട പ്രകടനം പതിനൊന്നരയോടെയാണ് നഗരസഭാ കാര്യലായത്തിനു മുന്‍പിലെത്തിയത്. പ്രാഥമിക ചികില്‍സാ സൌകര്യമുള്ള ആംബുലന്‍സും ശുദ്ധജല വിതരണ വാഹനങ്ങളും പ്രകടനത്തെ അനുഗമിച്ചിരുന്നു. നെയ്തല്ലൂര്‍ പ്രദേശം പ്ളാന്റിനു യോജ്യമാണോയെന്നു ഡിഎംആര്‍സി നിയോഗിച്ച സ്വകാര്യ ഏജന്‍സിയായ ഐഎല്‍ ആന്‍ഡ് എഫ്എസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പഠനം നടത്തുകയാണ്.

അത്തരം പഠനങ്ങള്‍ക്കും സര്‍വേകള്‍ക്കും തങ്ങള്‍ യാതൊരു തരത്തിലും സഹകരിക്കില്ലെന്നു സമരക്കാര്‍ മുന്നറിയിപ്പു നല്‍കി. പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ. ശോഭീന്ദ്രന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയര്‍മാന്‍
ശിവരാമന്‍ പൊന്നാനി ആധ്യക്ഷ്യം വഹിച്ചു. ഷബീര്‍ ബിയ്യം, നഗരസഭാ കോണ്‍ഗ്രസ് കൌണ്‍സിലര്‍ അലി ചെറുവത്തൂര്‍, ബിജെപി കൌണ്‍സിലര്‍ ചക്കൂത്ത് രവീന്ദ്രന്‍, എടപ്പാള്‍ പഞ്ചായത്ത് അംഗം ഇ.ടി. ഹരിദാസന്‍, അബു ഹാജി, എന്‍.പി. കുഞ്ഞിമോന്‍, മുത്തുക്കൃഷ്ണന്‍, എം.പി. അമീര്‍, സി.കെ. മുഹമ്മദ് ഹാജി എന്നിവര്‍ പ്രസംഗിച്ചു. 

No comments :