Feb 13, 2014

നിര്‍മാണത്തിലെ അപാകം: മീന്‍പിടിത്ത തുറമുഖം തകര്‍ച്ചയില്‍

ഉദ്ഘാടനംകഴിഞ്ഞ് മൂന്ന് വര്‍ഷമായിട്ടും മീന്‍പിടിത്തബോട്ടുകള്‍ക്ക് അടുക്കാനാകാത്ത നിലയിലാണ് പൊന്നാനിയിലെ മീന്‍പിടിത്തതുറമുഖം. നാള്‍ക്കുനാള്‍ തകര്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കുകയാണിന്നിത്. ബോട്ടുകള്‍ നങ്കൂരമിടാന്‍ കെട്ടിയിടുന്ന വാര്‍ഫിന് മുകളിലെ സിമെന്റ്കുറ്റികളും, വാര്‍ഫ് താങ്ങിനിര്‍ത്തുന്ന പുഴയ്ക്കടിയില്‍ നിര്‍മിച്ച കാലുകളും ദ്രവിച്ചുതുടങ്ങി. ബോട്ടുകള്‍ നങ്കൂരമിടുമ്പോള്‍ കെട്ടിയിടാനുള്ള കാലുകള്‍ പലതും ഇളകി വേറിട്ട അവസ്ഥയിലാണ്.ബേപ്പൂര്‍ ഹാര്‍ബറില്‍ ഇവ ശാസ്ത്രീയമായ രീതിയിലാണ് നിര്‍മിച്ചതെങ്കില്‍ ഇവിടെ അതുണ്ടായില്ല. നാല്‍പതോളം ബോട്ടുകള്‍ക്ക് ഒരേസമയം നങ്കൂരമിടാവുന്ന രീതിയിലാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്.
മുപ്പത് കോടിയിലേറെ ചെലവഴിച്ച ഹാര്‍ബര്‍ നിര്‍മാണത്തിലെ അശാസ്ത്രീയതയെക്കുറിച്ച് വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഹാര്‍ബറിന്റെ കിഴക്കുഭാഗം ഗാബിയോണ്‍ ബോക്‌സ് ഉപയോഗിച്ച് നിര്‍മിച്ച അടിത്തറബണ്ട് നാലുമാസംമുമ്പ് തകര്‍ന്ന് ലക്ഷങ്ങളുടെ നാശമാണുണ്ടായത്. ബണ്ടിന്റെ തകര്‍ച്ചമൂലം ഹാര്‍ബറില്‍നിന്ന് വ്യാപകമായി മണല്‍ ഒലിച്ചുപോയിരുന്നു. നേരത്തെ ഈ മേഖലയില്‍ത്തന്നെ അടിത്തറബണ്ട് തകര്‍ച്ച നേരിട്ടിരുന്നു. ഹാര്‍ബര്‍ നിര്‍മാണത്തിലെ രൂപരേഖയില്‍ മാറ്റംവരുത്തിയാണ് ബണ്ടിന്റെ പുനര്‍നിര്‍മാണം അന്ന് പൂര്‍ത്തീകരിച്ചത്.
കടലിനോട് ചേര്‍ന്നുകിടക്കുന്ന പുഴയില്‍നിന്നുള്ള ഉപ്പുമണല്‍ ഉപയോഗിച്ചാണ് ഹാര്‍ബറിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് മീന്‍പിടിത്തത്തൊഴിലാളികള്‍ പറയുന്നു.

ഉപ്പുമണല്‍ ഉപയോഗിക്കുന്നത് ദൂരവ്യാപകമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് മത്സ്യത്തൊഴിലാളികളും, ബോട്ടുടമകളും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അതൊന്നും വകവെക്കാതെ നടത്തിയ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് ഹാര്‍ബറിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമായതെന്ന് തൊഴിലാളികള്‍ കുറ്റപ്പെടുത്തി. നിര്‍മാണത്തിലെ അശാസ്ത്രീയതയെക്കുറിച്ച് ഒന്നരവര്‍ഷംമുമ്പ് പരാതിനല്‍കിയതിനെത്തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം നടത്തിയെങ്കിലും യാതൊരുവിവരങ്ങളും പിന്നീട് പുറത്തുവന്നില്ലെന്ന് ബോട്ട് ഉടമകളും മീന്‍പിടിത്തത്തൊഴിലാളികളും പറഞ്ഞു.


No comments :