Aug 20, 2020

കൊളസ്‌ട്രോള്‍ ഉയര്‍ത്തുന്നത് കൊഴുപ്പടങ്ങിയ ഭക്ഷണം മാത്രമോ?


കൊഴുപ്പുള്ള ഭക്ഷണം ഉപേക്ഷിച്ചിട്ടും കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനാകുന്നില്ല എന്ന പരാതി പലരും പറയാറുണ്ട്. മനുഷ്യശരീരത്തിലെ കൊളസ്‌ട്രോള്‍ ഉയര്‍ന്ന് ഹാനികരമാകാന്‍ കാരണം കൊഴുപ്പടങ്ങിയ ഭക്ഷണം മാത്രമല്ല. നമ്മുടെ ആഹാരരീതിയും ഇതിന് കാരണമാകും. കൊളസ്‌ട്രോള്‍ കുറക്കുന്നതിന് നമ്മുടെ ആഹാരത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍.

വളരെ വേഗത്തില്‍ ദഹിക്കുന്ന ഭക്ഷണം ഒഴിവാക്കുക. പഞ്ചസാര ഉപയോഗിക്കുന്ന ബേക്കറി, പഴം ജ്യൂസ് തുടങ്ങിയവയും മൈദ കൊണ്ടുണ്ടാക്കിയ പദാര്‍ഥങ്ങളും ഒഴിവാക്കുക.


നാരുകള്‍ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുക. തവിടുള്ള ഓട്‌സ് പോലുള്ളവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. ഇലക്കറികള്‍, പച്ചക്കറികള്‍, സാലഡുകള്‍, പഴങ്ങള്‍ തുടങ്ങിയവ ധാരാളമായി കഴിക്കുക. മാത്രമല്ല, സാധാരണ ചെയ്യുന്നത് പോലെ കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും വേണം.

മത്തി, ചൂര, അയല പോലുള്ള ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങള്‍ കഴിക്കുക. തൈര്, മോര് തുടങ്ങിയവ ഉള്‍പ്പെടുത്തുക. അണ്ടിപ്പരിപ്പ്, ബദാം പോലുള്ളവ ധാരാളമായി കഴിക്കുക.

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ.ഹിഷാം ഹൈദര്‍

Sep 14, 2019

ബിയ്യം കായലിൽ നടന്ന വള്ളംകളിയിൽ പുറങ്ങ് ഫിറ്റ്‌വെൽ സ്‌പോർട്‌സ് ക്ലബ്ബിന്റെ കായൽ കുതിര വിജയികളാകുന്നു
ബിയ്യം കായലിൽ നടന്ന വള്ളംകളിയിൽ കായൽ കുതിര ടീം ഈ വർഷത്തെ ജലരാജാവ്. ആവേശകരമായ മത്സരത്തിലാണ് പുറങ്ങ് ഫിറ്റ്‌വെൽ സ്‌പോർട്‌സ് ക്ലബിന്റെ കായൽ കുതിര കിരീടം സ്വന്തമാക്കിയത്.


ചൈതന്യ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്റെ കെട്ടുകൊമ്പനോട് ഇഞ്ചോടിഞ്ച് പോരാടിയാണ് കായൽ കുതിര നേട്ടം കൈവരിച്ചത്. പുളിക്കകടവ് കാഞ്ഞിരമുക്ക് ന്യൂ ടൂറിസ്റ്റ് ക്ലബ്ബിന്റെ പറക്കും കുതിര മൂന്നാം സ്ഥാനം നേടി. മൈനർ വിഭാഗത്തിൽ എം എം നഗർ യുവ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്റെ യുവരാജ ഒന്നാം സ്ഥാനം നേടി. യുവശ്രീ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്റെ പടവീരൻ രണ്ടാം സ്ഥാനവും പുഴമ്പ്രം ഭാവനവുടെ പാർഥസാരഥി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.


മേജർ, മൈനർ വിഭാഗങ്ങളിലായി 23 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. പടിഞ്ഞാറേക്കര, കടവനാട്, ബിയ്യം, കാഞ്ഞിരമുക്ക്, പുറത്തൂർ, പുഴമ്പ്രം, എരിക്കമണ്ണ, പുളിക്കക്കടവ്, പത്തായി സെന്റർ എന്നിവടങ്ങളിൽ നിന്നായി പത്ത് മേജർ വള്ളങ്ങളും പതിമൂന്ന് മൈനർ വള്ളങ്ങളുമാണ് മത്സരിച്ചത്. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ഇത്തവണ സർക്കാർ ആഘോഷങ്ങൾ മാറ്റിവെച്ചിരുന്നു. എന്നാൽ, ക്ലബുകളുടെ ആവശ്യത്തെത്തുടർന്ന് വള്ളംകളി നടത്തുകയായിരുന്നു.