Jun 2, 2012

ചമ്രവട്ടം പാലം വഴി ഗതാഗതം: സര്‍ക്കാര്‍ തീരുമാനം റോഡ് വികസനത്തിന് ആക്കം കൂട്ടും

ചമ്രവട്ടം പാലം ഗതാഗതത്തിന് തുറന്ന് കൊടുത്തതോടെ പൊന്നാനി, തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി, ചേളാരി തുടങ്ങിയ സ്ഥലങ്ങളിലുണ്ടായ ഗതാഗതക്കുരുക്കിന് പരിഹാരമെന്നോണം ഈ ഭാഗങ്ങളിലെ റോഡ് വികസിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് യാത്രക്കാരില്‍ പ്രതീക്ഷയുണര്‍ത്തുന്നു.
ചമ്രവട്ടം മുതല്‍ തിരൂര്‍ വരെ 16 കിലോമീറ്റര്‍ റോഡ് വീതികൂട്ടി ബി.എം ആന്‍ഡ് ബി.സി വര്‍ക്കില്‍ വികസിപ്പിക്കാന്‍ ഏഴര കോടി രൂപയുടെ പദ്ധതിക്കാണ് ബുധനാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ അനുമതിയായത്.
നരിപറമ്പ് മുതല്‍ ചമ്രവട്ടം ജങ്ഷന്‍ വരെ എന്‍.എച്ച് 17 നാലര കിലോമീറ്റര്‍ റബറൈസ് ചെയ്യാന്‍ 13 കോടി രൂപ അനുവദിച്ചത് ഈ മേഖലയിലെ ഇടുങ്ങിയ റോഡില്‍നിന്ന് മോചനംകിട്ടാന്‍ സഹായകമാവും.
ചമ്രവട്ടം ജങ്ഷന്‍ മുതല്‍ പള്ളപ്രം ഹൈവേ വരെ റബറൈസ് ചെയ്യാനും തുക അനുവദിച്ചു.
നരിപറമ്പ്, പോത്തനൂര്‍, പെരുമ്പറമ്പ്, എടപ്പാള്‍ അങ്ങാടി റോഡ് ബി.എം ആന്‍ഡ് ബി.സി സാങ്കേതിക വിദ്യയില്‍ റബറൈസ് ചെയ്യാന്‍ മൂന്നര കോടി രൂപയുടെ പദ്ധതിക്ക് അനുമതിയായിട്ടുണ്ട്. നരിപറമ്പ് ജങ്ഷന്‍, ചമ്രവട്ടം ജങ്ഷന്‍, പള്ളപ്രം ജങ്ഷന്‍, പോത്തനൂര്‍ ജങ്ഷന്‍, എടപ്പാള്‍ അങ്ങാടി ജങ്ഷന്‍ എന്നീ അഞ്ച് ജങ്ഷനുകളുടെ വിപുലീകരണത്തിന് 85 ലക്ഷം രൂപയാണ് അനുവദിച്ചത്.
കൂടാതെ ഇവിടങ്ങളില്‍ ട്രാഫിക് സിഗ്നല്‍ ബോര്‍ഡ് സ്ഥാപിക്കാന്‍ പത്ത് ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. നരിപറമ്പ് ഭാഗത്ത് റോഡ് വികസനത്തിന് 18.25 കോടി രൂപ അനുവദിച്ചു.
തിരൂര്‍ ഭാഗത്ത് റോഡ് വികസനത്തിന് 21 കോടി രൂപയും കുറ്റിപ്പുറം-പുതുപൊന്നാനി പഴയ എന്‍.എച്ച് 17 ടാര്‍ ചെയ്യാന്‍ അഞ്ച് കോടിയുമടക്കം 44.25 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് അനുമതിയായത്.
ചമ്രവട്ടം പാലം ജങ്ഷന്‍, പെരുന്തല്ലൂര്‍ ജങ്ഷന്‍, ആലിങ്ങല്‍ ജങ്ഷന്‍, ആലത്തിയൂര്‍ ജങ്ഷന്‍, ബി.പി അങ്ങാടി ജാറം ജങ്ഷന്‍, ബി.പി അങ്ങാടി ബൈപാസ് ജങ്ഷന്‍, പൂങ്ങോട്ട്കുളം ജങ്ഷന്‍ എന്നിവ വികസിപ്പിക്കാന്‍ 25 ലക്ഷം വീതം അനുവദിച്ചിട്ടുണ്ട്. ജങ്ഷനോടനുബന്ധിച്ച് ബസ് ബേ നിര്‍മാണത്തിന് 70 ലക്ഷവും അനുവദിച്ചിട്ടുണ്ട്.
തിരൂര്‍ മുതല്‍ കടലുണ്ടിവരെ റോഡ് വീതികൂട്ടി റബറൈസ് ചെയ്യാന്‍ എട്ട് കോടി അനുവദിച്ചു. പൂക്കയില്‍ ജങ്ഷന്‍, വട്ടത്താണി ജങ്ഷന്‍, താനൂര്‍ ജങ്ഷന്‍, തെയ്യാല ജങ്ഷന്‍, ചിറമംഗലം ജങ്ഷന്‍, പരപ്പനങ്ങാടി ടൗണ്‍, വള്ളിക്കുന്ന് ജങ്ഷന്‍, ആനങ്ങാടി ജങ്ഷന്‍ എന്നിവ വീതികൂട്ടി വിപുലീകരിക്കാന്‍ 25 ലക്ഷം വീതവും അനുവദിച്ചിട്ടുണ്ട്.
ഈ മേഖലയില്‍ ബസ് ബേ നിര്‍മാണത്തിന് 80 ലക്ഷവും അനുവദിച്ചു.
ബുധനാഴ്ച നടന്ന യോഗത്തില്‍ മന്ത്രി പി.കെ. അബ്ദുറബ്ബ്, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, എം.എല്‍.എമാരായ ഡോ. കെ.ടി. ജലീല്‍, പി. ശ്രീരാമകൃഷ്ണന്‍, സി. മമ്മുട്ടി, അബ്ദുറഹ്മാന്‍ രണ്ടത്താണി എന്നിവര്‍ ഈ ഭാഗങ്ങളിലെ റോഡ് വികസനത്തിന് ശക്തമായി വാദിക്കുകയായിരുന്നു. അതേസമയം, കുറ്റിപ്പുറം-പുതുപൊന്നാനി നിര്‍ദിഷ്ട ദേശീയപാത നരിപറമ്പ് മുതല്‍ ചമ്രവട്ടം ജങ്ഷന്‍ വരെ വകസിപ്പിക്കാന്‍ മൂന്ന് കോടി അനുവദിച്ചെങ്കിലും കുറ്റിപ്പുറം മുതല്‍ നരിപറമ്പ് വരെ പണിമുടങ്ങിക്കിടക്കുന്ന എന്‍.എച്ച് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ എന്‍.എച്ച് അധികൃതര്‍ തയാറാക്കിയ 26 കോടി രൂപയുടെ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഫണ്ടില്‍നിന്ന് ചെയ്യാന്‍ അനുമതി നല്‍കണമെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയും ഡോ. കെ.ടി. ജലീല്‍ എം.എല്‍.എയും യോഗത്തില്‍ ആവശ്യപ്പെട്ടു.
ഇതേ തുടര്‍ന്ന് ഈ പ്രവൃത്തി പി.ഡബ്ള്യു.ഡി ഭരണാനുമതി കമ്മിറ്റിയില്‍ പരിഗണിക്കാമെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഇരുവരെയും അറിയിച്ചു.

No comments :