Apr 14, 2014

ജലഅതോറിറ്റി വിതരണംചെയ്ത വെള്ളത്തില്‍ പുഴുക്കളെ കണ്ടെത്തി

ജലഅതോറിറ്റിയുടെ ശുദ്ധജല വിതരണ പൈപ്പിലൂടെ വിതരണംചെയ്ത വെള്ളത്തില്‍ പുഴുക്കളെ കണ്ടെത്തി. ഇതോടെ നൂറുകണക്കിന് കുടുംബങ്ങളുടെ കുടിവെള്ളം ഉപയോഗശൂന്യമായി.
പൊന്നാനി കുറ്റിക്കാട് ഭഗവതി ക്ഷേത്രത്തിനടുത്ത് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സിന് മുന്നിലെ പൈപ്പിലൂടെയാണ് പുഴുക്കളും കൂത്താടികളും നിറഞ്ഞ വെള്ളം പ്രവഹിച്ചത്. ഇതുകാരണം കഴിഞ്ഞ മൂന്നുദിവസമായി മേഖലയില്‍ കുടിവെള്ളം ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരിക്കയാണ്.
പുഴുക്കള്‍ നിറഞ്ഞ വെള്ളത്തിന് നിറവ്യത്യാസമുള്ളതായും ചളി കലര്‍ന്ന് ദുര്‍ഗന്ധം വമിക്കുന്നതായും പരിസരവാസികള്‍ പറഞ്ഞു.
നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് ജലഅതോറിറ്റി അധികൃതര്‍ സ്ഥലം സന്ദര്‍ശിക്കുകയും വെള്ളം പരിശോധിക്കുകയുംചെയ്തു. മണ്ണിനടിയില്‍ എവിടെയെങ്കിലും പൈപ്പ് പൊട്ടിയതാവാം ഇങ്ങനെ സംഭവിക്കാന്‍ ഇടയാക്കിയതെന്നും പരിഹാരം കാണാമെന്നും പറഞ്ഞ് അധികൃതര്‍ തിരിച്ചുപോവുകയായിരുന്നു.
തുടര്‍ന്ന് നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. വേനലിന്റെ കാഠിന്യത്തില്‍ കുറ്റിക്കാട് മേഖലയില്‍ കടുത്ത ജലക്ഷാമം നേരിടുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു. ജലം ശുദ്ധീകരിക്കാതെ ഭാരതപ്പുഴയിലെ നരിപ്പറമ്പ് പമ്പ് ഹൗസില്‍നിന്ന് ക്ലോറിന്‍ കലക്കിയ വെള്ളം പമ്പുചെയ്ത് വിടുന്നതാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്നും ആരോപണമുണ്ട്.

No comments :