Apr 15, 2014

വികസിക്കുമ്പോഴും അടിസ്ഥാന സൗകര്യങ്ങളില്ലാതെ പൊന്നാനി

വികസനത്തിന്റെ കാര്യത്തില്‍ ഇന്നും പരിമിതികള്‍ മാത്രമാണ് പൊന്നാനി നഗരസഭയ്ക്ക് പറയാനുള്ളത്. 1977 നവംബര്‍ 15-നാണ് നഗരസഭ രൂപവത്കരിക്കപ്പെടുന്നത്. 2000 ഒക്ടോബര്‍ രണ്ടിന് ഈഴുവത്തിരുത്തി പഞ്ചായത്തുകൂടി കൂട്ടിച്ചേര്‍ത്തതോടെ 51 വാര്‍ഡുകളുമായി ജില്ലയിലെതന്നെ വലിയ നഗരസഭയായി പൊന്നാനി മാറി. 90,442 ആണ് ജനസംഖ്യ. 23.32 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണമുണ്ട്. അതിര്‍ത്തികളില്‍ കടലും കായലും പുഴയുമൊെക്കയായി പ്രകൃതിരമണീയമായി പൊന്നാനി വിനോദസഞ്ചാരികളുടെ ഇഷ്ടപ്പെട്ട പ്രദേശമാണ്. എന്നാല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ യാതൊരു സൗകര്യവും ഇവിടെയില്ല.
അറബിക്കടലും ഭാരതപ്പുഴയും സംഗമിക്കുന്ന പൊന്നാനി അഴിമുഖത്ത് ധാരാളം പേര്‍ എത്തുന്നുണ്ട്. പെരുന്നാള്‍, ഓണം, ക്രിസ്മസ് തുടങ്ങിയ അവധിക്കാലങ്ങളില്‍ ആയിരക്കണിക്കിന് പേരാണ് ഇവിടെ വരുന്നത്. എന്നാല്‍ ഇവര്‍ക്ക് കാറ്റുകൊണ്ട് ഇരിക്കാനുള്ള ഇരിപ്പിടങ്ങള്‍ ഒരുക്കാന്‍ ഡി.ടി.പി.സിയോ പൊന്നാനി നഗരസഭയോ തയ്യാറായിട്ടില്ല.
ജില്ലയില്‍ ഏറ്റവും വലിയ ജലോത്സവം നടക്കുന്ന ബിയ്യംകായലും പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. ഇവിടെ വിനോദസഞ്ചാരികള്‍ക്കായി ഡി.ടി.പി.സി ഒരുക്കിയ ബോട്ടുകള്‍ എല്ലാം കേടായി. ഒരു സ്​പീഡ്‌ബോട്ടുണ്ടായിരുന്നുത് ശബരിമല സീസണില്‍ പമ്പയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
ചമ്രവട്ടം പാലം തുറന്നത് മുതല്‍ വാഹനഗതാഗതത്തില്‍ ജില്ലയില്‍തന്നെ മുന്‍പന്തിയിലാണ് പൊന്നാനി. വടക്കുനിന്ന് വരുമ്പോള്‍ തിരുവനന്തപുരത്തേക്കുള്ള ഏറ്റവും എളുപ്പമാര്‍ഗമായതിനാല്‍ വീതികുറഞ്ഞ റോഡാണെങ്കിലും കണ്ടെയ്‌നര്‍ ലോറികളും കെ.എസ്.ആര്‍.ടി.സി ബസ്സുകളുമടക്കം നിരവധി വാഹനങ്ങള്‍ ഇതുവഴി പോകുന്നുണ്ട്.
നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കുറ്റിപ്പുറം-പുതുപൊന്നാനി ദേശീയപാതയുടെ പണികൂടി പൂര്‍ത്തിയാകുന്നതോടെ കോഴിക്കോട് പിന്നിട്ടാല്‍ ഏറ്റവും കൂടുതല്‍ തിരക്കുള്ള ഭാഗമായി ചമ്രവട്ടം ജങ്ഷന്‍ മാറും. എന്നാല്‍ ജങ്ഷനില്‍ യാതൊരു അടിസ്ഥാന സൗകര്യങ്ങളുമില്ല. കോഴിക്കോട്, പാലക്കാട്, എറണാകുളം, പൊന്നാനി റോഡുകള്‍ സംഗമിക്കുന്ന ഈ ഭാഗത്ത് ഒരു കംഫര്‍ട്ട് സ്റ്റേഷന്‍ പോലും ഇല്ല. നഗരത്തില്‍ ബസ്സിറങ്ങുന്ന സ്ത്രീകളാണ് ഇതുമൂലം ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. ദേശീയപാത അധികൃതര്‍ സ്ഥലം നല്‍കുകയാണെങ്കില്‍ കംഫര്‍ട്ട്‌സ്റ്റേഷന്‍ നിര്‍മിച്ചുനല്‍കാമെന്നാണ് നഗരസഭ വര്‍ഷങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നത്.
ചമ്രവട്ടം ജങ്ഷനിലെ ഗതാഗതക്കുരുക്ക് വലിയ പ്രശ്‌നമായി മാറിയിരിക്കുകയാണ്. മണിക്കൂറുകള്‍ നീളുന്ന കുരുക്കിന് പരിഹാരം കാണാന്‍ യാതൊരു സംവിധാനവും ഒരുക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.
എടപ്പാള്‍ റോഡില്‍ ഒരു ബസ്സ്‌റ്റോപ്പ് നിര്‍മിക്കാനുള്ള നടപടികളും ഇതുവരെയായിട്ടില്ല. ദേശീയപാത അധികൃതര്‍ സ്ഥലമനുവദിച്ചാല്‍ ബസ്സ്‌റ്റോപ്പ് നിര്‍മിക്കാമെന്ന നിലപാടിലാണ് നഗരസഭ. ഇപ്പോള്‍ ഇവിടെ റോഡിലും കടത്തിണ്ണകളിലുമാണ് യാത്രക്കാര്‍ ബസ് കാത്തുനില്‍ക്കുന്നത്.

No comments :