May 4, 2014

ചമ്രവട്ടത്ത് മേല്‍പ്പാലത്തിന് പദ്ധതി സമര്‍പ്പിച്ചു

നഗരവികസനത്തിനു നാഴികക്കല്ലായി ചമ്രവട്ടം ജംക്ഷനില്‍ മേല്‍പ്പാലത്തിന് നഗരസഭ പദ്ധതി സമര്‍പ്പിച്ചു. ദേശീയപാതയില്‍ ചാവക്കാട്-പൊന്നാനി റൂട്ടിലാണ് പാലം നിര്‍മിക്കുക. ഡിഎംആര്‍സി മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരന്റെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് നഗരസഭാധ്യക്ഷ പി. ബീവി വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന് പദ്ധതി സമര്‍പ്പിച്ചിട്ടുള്ളത്. സര്‍ക്കാര്‍ അനുമതി ലഭ്യമായാലുടന്‍ വിശദ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കും.

നാലുവരിപ്പാത വരാനിടയുള്ളതിനാല്‍ അതിനനുസരിച്ചുള്ള രൂപരേഖയാകും തയാറാക്കുക. കനോലി കനാലിനു കുറുകെ പള്ളപ്രത്ത് പാലം നിര്‍മിക്കുന്നതിന് നേരത്തെ കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിരുന്നു. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിസന്ധികള്‍ നിലനില്‍ക്കുന്നതിനാല്‍ നിര്‍മാണം വൈകുമെന്നാണ് സൂചന. ചമ്രവട്ടം ജംക്ഷനില്‍ മേല്‍പ്പാലം നിര്‍മിക്കുന്നതോടെ ജംക്ഷനിലെ ഗതാഗതക്കുരുക്കിനു പരിഹാരമാകും. ചമ്രവട്ടം പാലം യാഥാര്‍ഥ്യമായതോടെ മിക്ക സമയങ്ങളിലും ജംക്ഷനില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കുന്നു. ചമ്രവട്ടം പാലംവഴി എറണാകുളം, കോഴിക്കോട് യാത്ര എളുപ്പമായതിനാല്‍ ദിവസവും ആയിരക്കണക്കിന് ദീര്‍ഘദൂര വാഹനങ്ങള്‍ ഇതുവഴി യാത്രചെയ്യുന്നുണ്ട്.

No comments :