Feb 23, 2015

മോടിയില്‍ ഒരുങ്ങി കനോലി കനാല്‍

ഉള്‍നാടന്‍ ജലഗതാഗതം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി കനോലി കനാലില്‍ നവീകരണം പുരോഗമിക്കുന്നു. കനാലിന്റെ ആഴംകൂട്ടലും ഇരുകരകളിലുമായുള്ള ഭിത്തി നിര്‍മാണവുമാണു നടക്കുന്നത്. കനാലിലൂടെ മാലിന്യം ഒഴുകിയെത്തുന്നത് നിര്‍മാണത്തിനു തടസ്സമായതിനാല്‍ ബണ്ട് കെട്ടി ഒഴുക്ക് തടഞ്ഞാണ് ആഴംകൂട്ടലും ഭിത്തി നിര്‍മാണവും നടക്കുന്നത്. 

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭിത്തി നിര്‍മിക്കുന്നതിനായി പള്ളപ്രം ഭാഗത്തു നിര്‍മിച്ചിട്ടുള്ള സ്ലാബുകളും കോണ്‍ക്രീറ്റ് തൂണുകളും ഉപയോഗിക്കാനാണു നിര്‍ദേശം നല്‍കിയത്. പദ്ധതി ഏറ്റെടുക്കാന്‍ ആരും മുന്നോട്ടുവരാതെ വര്‍ഷങ്ങളോളം കനാല്‍ നവീകരണം പ്രതിസന്ധിയിലായിരുന്നു. അണ്ടത്തോടു മുതല്‍ പൊന്നാനി വരെയുള്ള ഭാഗത്തെ നിര്‍മാണമാണു നടക്കുന്നത്.

നേരത്തേ ഇതേ റൂട്ടില്‍ കനാല്‍ നവീകരണത്തിനായി ആറുകോടി രൂപയുടെ പദ്ധതിയാണ് ആവിഷ്കരിച്ചിരുന്നത്. കനാലിനെ വിവിധ ഭാഗങ്ങളാക്കി തിരിച്ച് വ്യത്യസ്ത കരാറുകാര്‍ക്കു നിര്‍മാണച്ചുമതല നല്‍കിയെങ്കിലും നിശ്ചിത കാലാവധിക്കു മുന്‍പ് നിര്‍മാണം പൂര്‍ത്തിയാക്കിയില്ല. കനാലിന്റെ ഇരുവശങ്ങളിലും ഭിത്തി കെട്ടുന്നതിനായി നിര്‍മിച്ച കോണ്‍ക്രീറ്റ് സ്ലാബുകളും തൂണുകളും പള്ളപ്രം ഭാഗത്തെ സ്വകാര്യവ്യക്തിയുടെ ഭൂമിയില്‍ കിടന്നുനശിച്ചു. ഭൂവുടമ പലതവണ ഇറിഗേഷന്‍ വകുപ്പിനു പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. നിര്‍മാണം പുനരാരംഭിച്ചത് നാട്ടുകാര്‍ക്ക് ആശ്വാസമായി.

No comments :