Feb 25, 2015

കുറ്റിപ്പുറം- പൊന്നാനി ദേശീയപാതയിലെ കയര്‍പ്പായ കത്തിനശിച്ചു

നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്ന കുറ്റിപ്പുറം പൊന്നാനി ദേശീയപാതയ്ക്കായി റോഡില്‍വിരിച്ച കയര്‍പ്പായ കത്തിനശിച്ചു. പൊന്നാനി ചമ്രവട്ടം ജങ്ഷനില്‍ റോഡ് സംഗമിക്കുന്ന പ്രദേശത്തുവിരിച്ച കയര്‍പ്പായയാണ് കത്തിനശിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. അമ്പതുമീറ്റര്‍ നീളത്തിലും 30 മീറ്റര്‍ വീതിയിലുമാണ് വിലകൂടിയ പായ കത്തിപ്പോയത്. സിഗരറ്റ്കുറ്റി വലിച്ചെറിഞ്ഞതായിരിക്കാം പായ കത്താന്‍ കാരണമെന്നാണ് പ്രാഥമികനിഗമനം. മുമ്പ് നെല്‍പ്പാടങ്ങളായിരുന്ന പ്രദേശത്തുകൂടിയാണ് പലയിടങ്ങളിലും റോഡ് കടന്നുവരുന്നത്. ചെളിനിറഞ്ഞ പ്രദേശങ്ങളായതിനാല്‍ മെറ്റല്‍ ചെയ്തശേഷം അതിനുമുകളില്‍ കയര്‍പ്പായവിരിച്ച് മണ്ണിട്ട് വീണ്ടും മെറ്റലിട്ട് ടാര്‍ചെയ്താണ് റോഡുപണി പൂര്‍ത്തീകരിക്കുന്നത്. റോഡിന്റെ നിര്‍മാണം ഏകദേശം നരിപ്പറമ്പുവരെ പൂര്‍ത്തിയായിക്കഴിഞ്ഞു. ബാക്കിയുള്ള നാലുകിലോമീറ്റര്‍ നിര്‍മാണം അവസാനഘട്ടത്തിലാണ്. മാര്‍ച്ചില്‍ ഉദ്ഘാടനംനടത്താനാകുന്നരീതിയിലാണ് പണി പുരോഗമിക്കുന്നത്. ചൊവ്വാഴ്ച ഉച്ചയോടെ തീപടരുന്നതുകണ്ട് നാട്ടുകാര്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചതിനാല്‍ കൂടുതല്‍ മേഖലകളിലേക്ക് പടര്‍ന്നില്ല. സംഭവമറിഞ്ഞ് വൈകിട്ട് എം.എല്‍.എ ശ്രീരാമകൃഷ്ണന്‍ സ്ഥലംസന്ദര്‍ശിച്ചു.

No comments :