Mar 24, 2015

പൊന്നാനി-പുറത്തൂര്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് വേണമെന്ന് ആവശ്യം

മല്‍സ്യ ബന്ധനവും അനുബന്ധ തൊഴിലുകളുമായി ഒട്ടേറെ കുടുംബങ്ങള്‍ താമസിക്കുന്ന പുറത്തൂരിനെയും പൊന്നാനിയെയും ബന്ധിപ്പിക്കുന്നതിനായി കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ ആരംഭിക്കണമെന്ന് ആവശ്യം. 

ബ്രിട്ടിഷ് ഭരണം മുതല്‍ ഇരുകരകളെയും ബന്ധിപ്പിച്ചു യാത്രാപ്രശ്നം പരിഹരിക്കുന്നതിനായി നിലനിന്നിരുന്ന കടത്ത് തോണി സര്‍വീസും ജങ്കാര്‍ സര്‍വീസും നിര്‍ത്തലാക്കിയതു ജനങ്ങളെ ഏറെ ദുരിതത്തിലാക്കിയിട്ടുണ്ട്. തൊഴിലിനും കച്ചവട ആവശ്യങ്ങള്‍ക്കുമായി പുറത്തൂരിലെ ഭൂരിഭാഗം ജനങ്ങളും പൊന്നാനിയെ ആണ് പതിറ്റാണ്ടുകളായി ആശ്രയിച്ചു വരുന്നത്. ഇതിനു പുറമേ വിദ്യാര്‍ഥികളും പൊന്നാനിയിലാണു പഠിച്ചിരുന്നത്. 

കൂടാതെ കയര്‍, മല്‍സ്യ തൊഴിലുകളുടെ വിപണന കേന്ദ്രവും പൊന്നാനിയാണ്. എന്നാല്‍, പുറത്തൂരില്‍നിന്നു പൊന്നാനിയിലേക്കും തിരിച്ചുമുണ്ടായിരുന്ന നാല് കടത്ത് സര്‍വീസുകള്‍ നിലച്ചതിനാല്‍ ജനം യാത്രാക്ളേശം നേരിടുന്നു. ഇപ്പോള്‍ പുറത്തൂര്‍ പടിഞ്ഞാറേക്കരയില്‍നിന്നു പൊന്നാനിയിലേക്കു സര്‍വീസ് നടത്തിയിരുന്ന ജങ്കാറും നിര്‍ത്തലാക്കി. പുറത്തൂരില്‍നിന്നു പൊന്നായിലേക്കു തോണിയില്‍ 10 മിനിറ്റ് യാത്ര മതി. 

എന്നാല്‍, ഇപ്പോള്‍ പല ബസുകള്‍ കയറി 20 കിലോമീറ്റര്‍ വരെ യാത്രചെയ്താണ് പുറത്തൂരില്‍നിന്നു പൊന്നാനിയില്‍ എത്തുന്നത്. പൊന്നാനി-പുറത്തൂര്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസുകള്‍ ഓടിക്കുന്നതിനായി നടപടി ഉണ്ടായാല്‍ തീരദേശത്തെ യാത്രാപ്രശ്നം പരിഹരിക്കാനാകും.

No comments :