Mar 24, 2015

മല്‍സ്യ മാര്‍ക്കറ്റ്, ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്നിവയ്ക്ക് മുന്‍ഗണന നല്‍കി നഗരസഭയുടെ പദ്ധതിരേഖ

കുണ്ടുകടവ് ജംക്ഷനില്‍ നഗരസഭയുടെ സ്ഥലത്ത് ആധുനിക രീതിയിലുള്ള മല്‍സ്യ മാര്‍ക്കറ്റ് സ്ഥാപിക്കുന്നതിനും ഭാരതപ്പുഴയുടെതീരത്ത് ചില്‍ഡ്രന്‍സ് പാര്‍ക്ക് നിര്‍മിക്കുന്നതിനും മുന്‍ഗണന നല്‍കി നഗരസഭയുടെ കരട് പദ്ധതിരേഖ അവതരിപ്പിച്ചു. ഇന്നലെ നടന്ന വികസന സെമിനാറിലാണ് സാമ്പത്തിക വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം നടപ്പക്കാനുദ്ദേശിക്കുന്ന പദ്ധതികളുടെ വികസന രേഖ അവതരിപ്പിച്ചത്. 

ചെറുകിട വ്യവസായവുമായി ബന്ധപ്പെട്ട് പേപ്പര്‍ ഉല്‍പന്ന നിര്‍മാണ യൂണിറ്റും ഭക്ഷ്യസംസ്കരണ യൂണിറ്റും തുടങ്ങും. ദാരിദ്യ്രലഘൂകരണത്തിന്റെ ഭാഗമായി 1600 പേര്‍ക്ക് 1500 രൂപ വീതം കണക്കാക്കി 24 ലക്ഷം രൂപ സഹായധനം നല്‍കും. എല്ലാ വിദ്യാലയങ്ങള്‍ക്കും ശുദ്ധജലം നല്‍കുന്നതിനും പച്ചക്കറി-വാഴക്കൃഷിക്കും പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമം തടയുന്നതിനു ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തും. നഗരസഭയില്‍ ഹോമിയോ ആശുപത്രിക്കു സ്ഥലം ഏറ്റെടുക്കും. നഗരസഭാധ്യക്ഷ പി. ബീവി വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്തു. 

എട്ടുകണ്ടത്തില്‍ ചന്ദ്രിക ആധ്യക്ഷ്യം വഹിച്ചു. നഗരസഭാ ഉപാധ്യക്ഷന്‍ ഉണ്ണിക്കൃഷ്ണന്‍ പൊന്നാനി, കെ. റസാഖ്, പുന്നയ്ക്കല്‍ സുരേഷ്, സെക്രട്ടറി വി.ജെ. കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.  

No comments :