Mar 9, 2015

ബിയ്യം കായല്‍ ടൂറിസം; നവീകരണം ഈ മാസം തുടങ്ങും

ബിയ്യം കായല്‍ ടൂറിസം മേഖലയിലെ നവീകരണ പ്രവൃത്തികള്‍ മാര്‍ച്ചില്‍ തുടങ്ങും. ഇതിനുള്ള വര്‍ക്ക് ഓര്‍ഡര്‍ ജില്ലാ നിര്‍മിതി കേന്ദ്രത്തിന് നല്‍കിയതായി ഡി.ടി.പി.സി അധികൃതര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. മൂന്നര വര്‍ഷമായി ഒരു വികസന പ്രവര്‍ത്തനങ്ങളും ഇവിടെ നടന്നിരുന്നില്ല.
നടപ്പാത നിര്‍മാണമാണ് വികസന പ്രവര്‍ത്തനങ്ങളില്‍ ആദ്യത്തേത്. പദ്ധതി പ്രദേശത്ത് എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് വിശ്രമിക്കാന്‍ ഇരിപ്പിടങ്ങള്‍ സജ്ജീകരിക്കും. നിലവിലുള്ള ബോട്ട് ജെട്ടി അറ്റകുറ്റപ്പണി നടത്തി നവീകരിക്കും.
കൂടാതെ പദ്ധതി പ്രദേശത്ത് ആവശ്യമായ വെളിച്ച സംവിധാനവും ഏര്‍പ്പെടുത്തും. 27 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് തയാറാക്കിയിരിക്കുന്നത്. രണ്ട് മാസം കൊണ്ട് നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കും.
അതേസമയം, കഴിഞ്ഞ എല്‍.ഡി.എഫ് ഭരണ കാലത്ത് നിര്‍മിച്ച ബിയ്യം കായലിന് കുറുകെയുള്ള തൂക്കുപാലത്തിന്‍െറ അറ്റകുറ്റപ്പണിയുടെ കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. ഡി.ടി.പി.സിയും നഗരസഭാധികൃതരും തമ്മില്‍ ഇത് സംബന്ധിച്ച തര്‍ക്കം തുടരുകയാണ്.
തൂക്കുപാലത്തില്‍ ഒരേസമയം 20 യാത്രക്കാരില്‍ കൂടുതല്‍ കയറ്റരുതെന്ന മുന്നറിയിപ്പ് ബോര്‍ഡ് ജില്ലാ കലക്ടറും നഗരസഭാ സെക്രട്ടറിയും പാലത്തിന്‍െറ ഇരുകരകളിലും സ്ഥാപിച്ചിരിക്കുകയാണ്. തൂക്കുപാലത്തിന്‍െറ ഷീറ്റുകള്‍ ഇളകുന്നതിനാല്‍ ഭീതിതോടെയാണ് യാത്രക്കാര്‍ സഞ്ചരിക്കുന്നത്.

No comments :