Mar 2, 2015

ചമ്രവട്ടം ജങ്ഷനില്‍ ഒരുമാസം ഗതാഗതം തടസ്സപ്പെടും



കുറ്റിപ്പുറം-ചമ്രവട്ടംജങ്ഷന്‍ ദേശീയപാത നിര്‍മാണം അവസാനഘട്ടത്തിലെത്തി. ഇനി ജങ്ഷനില്‍ ഒരുമാസം ഗതാഗതം തടസ്സപ്പെടുത്തിയിട്ടുള്ള ജോലികളാണ് ചെയ്യേണ്ടത്. ഈ സാഹചര്യത്തില്‍ നടത്തേണ്ട ട്രാഫിക് ക്രമീകരണങ്ങള്‍ക്ക് എം.എല്‍.എ പി. ശ്രീരാമകൃഷ്ണന്റെ അധ്യക്ഷതയില്‍ ദേശീയപാതാ അധികൃതര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ധാരണയായി.
എടപ്പാള്‍-പൊന്നാനി റോഡില്‍ ജങ്ഷനില്‍ മദ്യവില്പന ശാലയ്ക്കുമുന്നില്‍ റോഡ് പൊളിച്ച് കലുങ്ക് നിര്‍മിക്കേണ്ടതുണ്ട്.
ഇതിന്റെ പണി ആരംഭിച്ചാല്‍ ബസ്സുകളും ചരക്കുലോറികളുമൊഴികെയുള്ള വാഹനങ്ങള്‍ പുത്തന്‍പള്ളി റോഡിലുള്ള മൂന്ന് ഗ്രാമീണ ബൈപ്പാസ് റോഡുകള്‍ ഉപയോഗിക്കേണ്ടിവരും. എടപ്പാളില്‍നിന്ന് വരുന്ന ബസ്സുകള്‍ കെ.കെ ജങ്ഷനില്‍ സര്‍വീസ് അവസാനിപ്പിച്ച് വീണ്ടും അവിടെനിന്ന് എടപ്പാളിലേക്ക് തിരിച്ചുപോകണം.
കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര ബസ്സുകള്‍ എടപ്പാള്‍ അങ്ങാടി സ്റ്റോപ്പില്‍നിന്ന് തിരിഞ്ഞ് നരിപ്പറമ്പുവഴി പൊന്നാനിയിലേക്കുവരണം. ഈ റൂട്ടില്‍തന്നെ സര്‍വീസ്! നടത്താന്‍ സ്വകാര്യബസ്സുകള്‍ തയ്യാറാവുകയാണെങ്കില്‍ അവരുടെ അപേക്ഷ പരിഗണിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ബസ്സ്റ്റാന്‍ഡ് മുതല്‍ ചമ്രവട്ടം ജങ്ഷന്‍ വരെയും തിരിച്ച് ജങ്ഷനില്‍നിന്ന് ബസ്സ്റ്റാന്‍ഡിലേക്കും സിറ്റി സര്‍വീസ് നടത്തുന്നതിന്റെ സാധ്യതകള്‍ പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ എം.എല്‍.എ കെ.എസ്.ആര്‍.ടി.സി അധികൃതര്‍ക്ക് നിര്‍ദേശംനല്‍കി.
എല്ലാ ഒരുക്കങ്ങളും പൂര്‍ത്തീകരിച്ചശേഷമേ റോഡുനിര്‍മാണവുമായി ബന്ധപ്പെട്ട് ചമ്രവട്ടം ജങ്ഷനിലെ പ്രവൃത്തികള്‍ നടത്താവൂവെന്നും പറഞ്ഞ തീയതിക്കകം നിര്‍മാണം പൂര്‍ത്തീകരിക്കണമെന്നും എന്‍.എച്ച് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.

No comments :