Apr 18, 2015

നഗരസഭയും ഡിടിപിസിയും തമ്മില്‍ കരാര്‍ തുകയെ ചൊല്ലി തര്‍ക്കം

അഴിമുഖത്ത് ജങ്കാര്‍ നടത്തിപ്പുമായി ബന്ധപ്പെട്ടു നഗരസഭയും ഡിടിപിസിയും തമ്മില്‍ വീണ്ടും ആശയക്കുഴപ്പം.ജങ്കാര്‍ നടത്തിപ്പ് അവകാശം നല്‍കണമെങ്കില്‍ ഒരു ലക്ഷം രൂപ നല്‍കണമെന്ന നഗരസഭയുടെ കത്താണ് ആശയക്കുഴപ്പങ്ങളുണ്ടാക്കിയിരിക്കുന്നത്. ഒരു വര്‍ഷത്തോളമായി മുടങ്ങിക്കിടക്കുന്ന ജങ്കാര്‍ സര്‍വീസ് പുനരാരംഭിക്കുമ്പോള്‍ തുടക്കത്തില്‍ തന്നെ ഒരു ലക്ഷം രൂപ നല്‍കാമെന്ന് ഉറപ്പ് നല്‍കാനാകില്ലെന്നാണ് ഡിടിപിസിയുടെ നിലപാട്. അഴിമുഖത്തെ യാത്രാപ്രശ്നത്തിനാണു പ്രാധാന്യം നല്‍കുന്നതെന്നും പദ്ധതി ലാഭകരമെങ്കില്‍ ചിലപ്പോള്‍ നഗരസഭ ആവശ്യപ്പെടുന്നതില്‍ കൂടുതല്‍ നല്‍കാനാകുമെന്നും ഡിടിപിസി സെക്രട്ടറി അറിയിച്ചു. 

കഴിഞ്ഞ ഒന്നര വര്‍ഷത്തോളം അഴിമുഖത്ത് ചങ്ങാടം സര്‍വീസ് നടത്തുന്നതിനു കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ടു നഗരസഭയ്ക്കു വന്‍ നഷ്ടമാണുണ്ടായിരുന്നത്. കരാറുകാരനെതിരെ കാര്യമായ നിയമനടപടികള്‍ ഇതുവരെയും നഗരസഭ സ്വീകരിച്ചിട്ടില്ല. ചങ്ങാടം അഴിമുഖത്ത് അപകടത്തില്‍പ്പെട്ടതിനു ശേഷമാണ് സര്‍വീസ് നിര്‍ത്തിവച്ചിരുന്നത്. ഇതോടെ പൊന്നാനി-പടിഞ്ഞാറേക്കര മേഖലകളിലെ ആയിരക്കണക്കിനു പതിവ് യാത്രക്കാരാണു പ്രതിസന്ധിയിലായിരുന്നത്. 

അഴിമുഖത്തെ യാത്രാപ്രശ്നവും ടൂറിസം വികസനവും മുന്നില്‍ കണ്ടാണ് ഡിടിപിസി ജങ്കാര്‍ സര്‍വീസുമായി ബന്ധപ്പെട്ടു മുന്നിട്ടിറങ്ങിയിരിക്കുന്നത്. അഴിമുഖത്തു മുടങ്ങികിടക്കുന്ന ജങ്കാര്‍ സര്‍വീസ് പുനരാരംഭിക്കുന്നതിനായി നഗരസഭ പലതവണ ടെന്‍ഡര്‍ നടപടികളാരംഭിച്ചെങ്കിലും കരാര്‍ ഏറ്റെടുക്കാന്‍ ആരും മുന്നോട്ടു വന്നിരുന്നില്ല.  

No comments :