Apr 19, 2015

പദ്ധതി ശരിക്കും 'ശവമായി'

എന്തൊക്കെയായിരുന്നു വാഗ്ദാനങ്ങള്‍.. ആധുനിക മല്‍സ്യ മാര്‍ക്കറ്റ്.. അറവുശാല.. മല്‍സ്യം കേടുകൂടാതെ സൂക്ഷിക്കാനുള്ള സൌകര്യം. 'ഒടുക്കം പവനായി ശവമായി എന്ന സിനിമാ ഡയലോഗില്‍ വാഗ്ദാനങ്ങളൊക്കെ ഒതുങ്ങുന്ന അവസ്ഥയാണിപ്പോള്‍. 

ചമ്രവട്ടം ജംക്ഷനില്‍ റോഡരികില്‍ അനധികൃത മല്‍സ്യക്കച്ചവടം നടത്തുന്നത് അവസാനിപ്പിക്കുന്നതിനാണ് ആധുനിക രീതിയിലുള്ള പുതിയ മല്‍സ്യ മാര്‍ക്കറ്റ് സ്ഥാപിക്കാന്‍ നഗരസഭ പദ്ധതിയിട്ടിരുന്നത്. പദ്ധതി ഫയലുകളില്‍തന്നെ ഉറക്കം തുടരുമ്പോള്‍ ചമ്രവട്ടം ജംക്ഷന്‍ ചീഞ്ഞുനാറുകയാണ്. ചമ്രവട്ടം പള്ളപ്രം ദേശീയപാതയോരത്താണു പൊന്നാനിയിലെ പ്രധാന മല്‍സ്യ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്. നഗരസഭയില്‍ ആധുനിക രീതിയിലുള്ള മല്‍സ്യ മാര്‍ക്കറ്റ് സ്ഥാപിക്കണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യം നടപ്പാകാത്തതിനാലാണറോഡരികില്‍ അനധികൃത മല്‍സ്യമാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്. 

ദിവസവും വൈകുന്നേരങ്ങളില്‍ മല്‍സ്യ മാര്‍ക്കറ്റിലെത്തുന്ന വാഹനങ്ങളുടെയും ആളുകളുടെയും തിരക്കുമൂലം ഗതാഗത സ്തംഭനവും പതിവാണ്. മല്‍സ്യ മാര്‍ക്കറ്റില്‍നിന്നു പുറന്തള്ളുന്ന മലിന ജലവും മല്‍സ്യാവശിഷ്ടങ്ങളും റോഡരികില്‍ കെട്ടിക്കിടന്ന് ഏറെ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. 

ദേശീയപാതയോരത്തുള്ള മറ്റു കച്ചവടക്കാരും സമീപത്തുള്ള വീട്ടുകാരും മാലിന്യപ്രശ്നത്തെചൊല്ലി നഗരസഭയ്ക്ക് ഒട്ടേറെത്തവണ പരാതികള്‍ നല്‍കിയെങ്കിലും നടപടികളൊന്നുമുണ്ടായിട്ടില്ല. ദേശീയപാതയോരത്തു വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന മല്‍സ്യ മാര്‍ക്കറ്റ് നീക്കം ചെയ്യാനോ പുതിയ കെട്ടിടത്തിലേക്കു മാറ്റാനോ സാധിച്ചിട്ടില്ല.

No comments :