May 27, 2018

നോമ്പുകാലത്ത് ശ്രദ്ധിക്കേണ്ട ഭക്ഷണ രീതികള്‍

വിശുദ്ധ റമസാന്‍ വ്രതം ഇസ്ലാമില്‍ നിര്‍ബന്ധമായും പാലിക്കേണ്ട ആരാധനകളില്‍ ഒന്നാണ്. ആത്മീയമായും ശാരീരികമായും വ്രതം മനുഷ്യനെ ശുദ്ധീകരിക്കുന്നു. എന്നാല്‍ റമസാന്‍ കാലത്ത് ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ നിഷ്ടപുലര്‍ത്തുന്ന നമ്മള്‍ ആരോഗ്യകാര്യങ്ങളെ പാടെ അവഗണിക്കുന്നതാണ് പതിവ്. പകല്‍ മുഴുവന്‍ വ്രതമനുഷ്ടിച്ച് രാത്രിയായാല്‍ ഒരു നിയന്ത്രണവുമില്ലാതെ ഭക്ഷണം കഴിക്കുന്നതാണ് പലരുടെയും ശീലം. വ്രതം കൊണ്ട് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങളെ പാടെ ഇല്ലാതാക്കാന്‍ മാത്രമേ ഈ രീതി ഉപകരിക്കുകയുള്ളൂ.
നോമ്പ് തുറക്കുമ്പോഴും അത്താഴം കഴിക്കുമ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍:
  • അത്താഴസമയത്ത് ഫൈബര്‍ കൂടുതല്‍ അടങ്ങിയതും പെട്ടെന്ന് ദഹിക്കാത്തതുമായ ഭക്ഷണം ഉപയോഗിക്കുക. വെള്ളപ്പം, ഇഡലി തുടങ്ങി പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണം ഈ സമയത്ത് ഒഴിവാക്കുന്നതാണ് നല്ലത്.
  • നോമ്പ് കാലത്ത് നന്നായി വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. ശരീരത്തിലെ നിര്‍ജലീകരണം തടയാന്‍ ധാരാളമായി വെള്ളം കുടിക്കുക ആവശ്യമാണ്. അത്താഴ സമയത്ത് ആവശ്യത്തിന് വെള്ളം കഴിക്കാന്‍ ശ്രദ്ധിക്കുക. ഉപ്പ് ചേര്‍ത്ത വെള്ളം കഴിക്കുന്നതും നല്ലതാണ്.
  • അത്താഴസമയത്ത് ഭക്ഷണത്തോടൊപ്പം സാലഡുകള്‍ കഴിക്കുന്നത് നല്ലതാണ്. ഇത് അസിഡിറ്റി തടയും.
  • അത്താഴസമയത്ത് കഴിക്കുന്ന ഭക്ഷണത്തോടൊപ്പം അധികം മസാല ചേര്‍ത്ത കറികള്‍ ഒഴിവാക്കുക. പച്ചക്കറികള്‍ ഉപയോഗിച്ചുള്ള കറിയാണ് ഉത്തമം.
  • ഈത്തപ്പഴം, കാരക്ക തുടങ്ങിയ ഡ്രൈഫ്രൂട്ടുകള്‍ ഉപയോഗിച്ച് തന്നെ നോമ്പ് തുറക്കുക. പ്രവാചകര്‍ (സ്വ) പഠിപ്പിച്ച ഈ രീതിയെ ശാസ്ത്രവും ശരിവെക്കുന്നു. ശരീരിത്തിന് ആവശ്യമായ ഉര്‍ജം നല്‍കാന്‍ ഇത്തപ്പഴത്തിന് പ്രത്യേകമായ കഴിവുതന്നെയുണ്ട്.
  • നോമ്പ് തുറക്കുന്നതോടൊപ്പം നേര്‍പ്പിച്ച നാരങ്ങാവെള്ളം കുടിക്കുന്നതാണ് നല്ലത്. നാരങ്ങയല്ലെങ്കില്‍ നേര്‍ത്ത പുളിയുള്ള ഓറഞ്ച് പോലുള്ളവയുടെ ജ്യൂസും ആവാം. അമിതമായ പുളിയുള്ളത് നല്ലതല്ല.
  • നോമ്പ് തുറയോടൊപ്പം പലവിധത്തിലുള്ള പഴവര്‍ഗങ്ങള്‍ കഴിക്കുന്നതിന് പകരം ഏതെങ്കിലും ഒരു തരം പഴവര്‍ഗം കഴിക്കുന്നതാണ് നല്ലത്.
  • നോമ്പ് തുറ സമയത്ത് അമിതമായി എണ്ണയില്‍ പൊരിച്ച കടികള്‍ ഒഴിവാക്കുക.
  • മധുരം കൂടുതലായി ചേര്‍ത്ത പാനീയങ്ങള്‍ നോമ്പ് തുറ സമയത്ത് ഒഴിവാക്കുന്നതാണ് നല്ലത്. ഫ്രാക്‌ടോസ് അടങ്ങിയ ജ്യൂസുകളും പാനീയങ്ങളും ഉപയോഗിക്കാതിരിക്കുക.
  • ലഘുവായി നോമ്പ് തുറന്ന ശേഷം അര മണിക്കൂര്‍ കഴിഞ്ഞ് ഭക്ഷണം കഴിക്കുന്നതാണ് ശരീരിത്തിന് ഉത്തമം.
  • മുത്താഴ സമയത്ത് അമിതമായി ഭക്ഷണം കഴിക്കുന്നത് നല്ലതല്ല. ഈ സമയം ലഘുവായി എന്തെങ്കിലും കഴിക്കുക. പഴവര്‍ഗങ്ങളും കഴിക്കാവുന്നതാണ്.
വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. രാജേഷ്‌കുമാര്‍ (ചീഫ് ഹോമിയോപതിക് ഫിസിഷ്യന്‍, ഹോളിസ്റ്റിക് മെഡിസിന്‍ ആന്‍ഡ് സ്ട്രസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, മെഡിക്കല്‍ കോളജ്്, തിരുവനന്തപുരം),
ഡോ. ഷാലിം സൊറാന ( കൺസൾട്ടൻറ് ഫിസിഷ്യൻ, ബേബി മെമ്മോറിയല്‍ ആശുപത്രി, കോഴിക്കോട്)

No comments :