Oct 23, 2018

ചമ്രവട്ടത്തെ ചോർച്ച അടയ്ക്കും; ജലസമൃദ്ധി തിരിച്ചുവരും

ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജ് 
ഭാരതപ്പുഴയിലെ ജലനിരപ്പ് താഴുന്നതോടെ ചമ്രവട്ടം റഗുലേറ്റർ കം ബ്രിജിലെ ചോർച്ച അടയ്ക്കും. ഇതിനായി 25 കോടി രൂപ സർക്കാർ അനുവദിച്ചു. ടെൻഡർ നടപടികൾ ഉടൻ പൂർത്തിയാക്കി അടുത്ത മാസംതന്നെ പ്രവൃത്തി‍കൾ ആരംഭിക്കും. ന്യൂഡൽഹി ഐഐടിയുടെ പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ചോർച്ചയ്ക്ക് ശാശ്വത പരിഹാരം കാണാൻ നടപടി സ്വീകരിക്കുക. റഗുലേറ്ററിനു താഴെ ലോഹ പൈലിങ് നടത്തി മണ്ണൊലിച്ചുപോകുന്നത് തടഞ്ഞുകൊണ്ടായിരിക്കും ചോർച്ച പരിഹരിക്കുക. വിദഗ്ധ സംഘത്തിന്റെ മേൽനോട്ടത്തിൽ ഒരു കിലോമീറ്ററോളം നീളത്തിൽ ലോഹ പൈലിങ് നടത്തും.

നേരത്തേ ഷട്ടറുകൾക്കു താഴെ കോൺക്രീറ്റ് ചെയ്ത ഭാഗം മുഴുവൻ ഒലിച്ചുപോയതിനാലാണ് വെള്ളം സംഭരിക്കാൻ കഴിയാതിരുന്നത്. പാലത്തിനു സമീപത്തുനിന്നുള്ള അമിത മണലെടുപ്പുമൂലം കോൺക്രീറ്റും ഒഴുക്കു നിയന്ത്രിക്കുന്നതിനായി പദ്ധതിപ്രദേശത്ത് ഒരുക്കിയ കരിങ്കൽ തടസ്സങ്ങളും ഭാരതപ്പുഴയിൽ ഒലിച്ചുപോയിട്ടുണ്ട്. ഗതാഗതസൗകര്യത്തിനൊപ്പം തിരൂർ, പൊന്നാനി, താനൂർ നഗരസഭകളിലെയും 16 പഞ്ചായത്തുകളിലെയും ശുദ്ധജലക്ഷാമത്തിനും 5,000 ഹെക്ടർ ഭൂമിയിൽ കൃഷിക്കും പ്രയോജനം ലഭിക്കുന്ന പദ്ധതിയാണ് ചോർച്ചമൂലം ഉപയോഗം ലഭിക്കാതെ കിടക്കുന്നത്.

148 കോടി രൂപ ചെലവഴിച്ച് നിർമിച്ച ചമ്രവട്ടം പദ്ധതിയിൽ വൻ ക്രമക്കേട് നടന്നതായുള്ള പരാതിയെ തുടർന്ന് വിജിലൻസ് കേസും നടക്കുന്നുണ്ട്. വരുന്ന മേയ് മാസത്തോടെ ചോർച്ച അടയ്ക്കൽ പൂർത്തിയാക്കി അടുത്ത വേനലിൽ ഭാരതപ്പുഴയിൽ വെള്ളം സംഭരിക്കാനാണു ലക്ഷ്യമിടുന്നത്. ഇതോടെ തീരത്തിന്റെ ജലക്ഷാമത്തിനു പരിഹാരമാകും.

No comments :