റോഡരികിലെ വ്യാപാരത്തില്‍ പ്രതിഷേധിച്ച് ടൌണിലെ വ്യാപാരികളും വഴിയോരത്ത് കച്ചവടത്തിനെത്തിയത് വാക്കേറ്റത്തിനിടയാക്കി. ഇന്നലെ ഉച്ചയോടെ പട്ടാമ്പി റോഡിലായിരുന്നു സംഭവം. ടൌണ്‍ മുതല്‍ ബ്ളോക്ക് ഓഫിസ് പരിസരം വരെയുള്ള ഭാഗങ്ങളില്‍ വഴിയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്നവിധത്തില്‍ വഴിയോരവാണിഭം പൊടിപൊടിക്കുകയാണ്.
അത് ഗതാഗതതടസ്സവും മറ്റു വ്യാപാരികള്‍ക്ക് ബുദ്ധിമുട്ടും സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാട്ടി വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ പൊലീസിന് പരാതി നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ വഴിയോരവ്യാപാരം നടത്തരുതെന്ന് പൊലീസ് കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. അത് വകവയ്ക്കാതെയാണ് മാസങ്ങളായി വഴിയോരങ്ങളില്‍ ഉന്തുവണ്ടികളിലും ഗുഡ്സ് ഓട്ടോകളിലും പച്ചക്കറികളും പഴവര്‍ഗങ്ങളും കൊണ്ടുവന്ന് വ്യാപാരം നടത്തിവന്നിരുന്നത്.
അതില്‍ പ്രതിഷേധിച്ച് ഇന്നലെ മറ്റു വ്യാപാരികളും ബ്ളോക്ക് ഓഫിസിന് മുന്‍വശത്തെ റോഡരികില്‍ ലോറിയില്‍ സാധനങ്ങള്‍ കൊണ്ടുവന്ന് കച്ചവടം തുടങ്ങി. അതോടെ വാഹനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും കടന്നുപോകാന്‍ ബുദ്ധിമുട്ടായി. പ്രശ്നം സങ്കീര്‍ണമായതോടെ ചങ്ങരംകുളം എസ്ഐ വി. ശിവദാസനും സംഘവം സ്ഥലത്തെത്തി സാധനങ്ങള്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടു.
എന്നാല്‍, മുഴുവന്‍ വഴിയോരവാണിഭവും ഒഴിപ്പിക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു. പൊലീസ് വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിച്ചതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്. പട്ടാമ്പി റോഡില്‍ ആശുപത്രിക്ക് സമീപത്തെ അംഗന്‍വാടിയുടെ സ്ഥലത്തുപോലും പച്ചക്കറി വ്യാപാരം നടക്കുന്നുണ്ട്. അത് കുട്ടികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്.
No comments :
Post a Comment