Jan 4, 2014

പൊന്നാനി വികസന സെമിനാര്‍ ഒന്‍പതിന്

നഗരസഭയിലെ സമഗ്രവികസന പ്രതീക്ഷകള്‍ ഡിഎംആര്‍സിയിലും ഇ. ശ്രീധരനിലും അര്‍പ്പിച്ച് ഒന്‍പതിന് പൊന്നാനിയില്‍ വികസന സെമിനാര്‍ നടക്കും. മാസ് ഓഡിറ്റോറിയത്തില്‍ രാവിലെ 10ന് ആരംഭിക്കുന്ന സെമിനാറില്‍ ഡിഎംആര്‍സി തലവന്‍ ഇ. ശ്രീധരനു പുറമേ ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി, പി. ശ്രീരാമകൃഷ്ണന്‍ എംഎല്‍എ എന്നിവര്‍ പങ്കെടുക്കും. തീരദേശം നേരിടുന്ന അടിസ്ഥാന വികസന പ്രശ്നങ്ങള്‍ക്കു പരിഹാരമായി  ഇ. ശ്രീധരന്‍ ഡിഎംആര്‍സിയുടെ പിന്തുണയോടെ മുന്നോട്ടുവച്ച പദ്ധതികളാണ് ചര്‍ച്ചചെയ്യുക. 

മാലിന്യം-മലിനജലം, സമ്പൂര്‍ണ കൊതുക് നിവാരണം, ശുദ്ധജലപ്രശ്നം എന്നിവയ്ക്കാണ് പദ്ധതികള്‍ തയാറാക്കിയത്. മാലിന്യപ്രശ്നത്തില്‍നിന്ന് പൊന്നാനിയെ കരകയറ്റുന്നതിനായി സമഗ്ര അഴുക്കുചാല്‍ പദ്ധതിയുടെയും മാലിന്യ സംസ്കരണ പ്ളാന്റ് നിര്‍മാണത്തിനുള്ള അത്യാധുനിക പദ്ധതിയുടെയും രൂപരേഖകള്‍ നഗരസഭയ്ക്ക് നേരത്തേ സമര്‍പ്പിച്ചിരുന്നു. 

പദ്ധതികള്‍ക്ക് കൌണ്‍സില്‍ അംഗീകാരം നല്‍കിയതിനു ശേഷമാണ് പൊതുജന പങ്കാളിത്തത്തോടെയുള്ള വികസന സെമിനാര്‍ നടത്താന്‍ തീരുമാനിച്ചത്. വികസിത രാഷ്ട്രങ്ങളില്‍ വിജയിച്ച പദ്ധതികളുടെ നിലവാരത്തിലാണ് സമര്‍പ്പിച്ച ആശയങ്ങള്‍ . മലിനജലം ശുദ്ധീകരിച്ച് കൃഷിക്കും മറ്റാവശ്യങ്ങള്‍ക്കും ഉപയോഗിക്കാവുന്ന തരത്തിലാണ് പദ്ധതി രൂപരേഖ. കടവനാട് ഭാഗത്തോ ബിയ്യം കായലിന്റെ തീരങ്ങളിലോ പദ്ധതി നടപ്പാക്കാവുന്നതാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. 

No comments :