Jan 5, 2014

എടപ്പാളില്‍ റിങ്‌ റോഡ് യാഥാര്‍ഥ്യമാകുന്നു

എടപ്പാള്‍ - പൊന്നാനി റോഡില്‍നിന്ന് ടൗണില്‍ പ്രവേശിക്കാതെ കുറ്റിപ്പുറം റോഡിലെത്താനുള്ള റിങ്‌റോഡ് നിര്‍മിക്കാനുള്ള സാധ്യത തെളിയുന്നു.വര്‍ഷങ്ങളായി നിലനിന്ന തടസ്സങ്ങളെല്ലാം നീങ്ങി ഇതിനാവശ്യമായ സ്ഥലം എടപ്പാള്‍ ഗവ. ഹൈസ്‌കൂളിന്റെ ഭൂമിയില്‍നിന്ന് വിട്ടുനല്‍കാനുള്ള നടപടിക്രമങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പൂര്‍ത്തിയാക്കി.

എടപ്പാള്‍ ഗവ. ഹൈസ്‌കൂളിന്റെ അഞ്ചര ഏക്കര്‍ ഭൂമിയില്‍ നിന്ന് 22.17 സെന്റ് സ്ഥലം വിട്ടുനല്‍കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഇനി ജില്ലാപഞ്ചായത്താണ് ഭൂമി വിട്ടു നല്‍കേണ്ടത്. ഇതിനുള്ള അനുമതിപത്രം നല്‍കാന്‍ വിദ്യാഭ്യാസവകുപ്പ് രേഖാമൂലം ജില്ലാകളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. 


രണ്ടുവര്‍ഷമായി സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് കെ. സദാനന്ദനും മുസ്‌ലിംലീഗ് നേതാവ് ഇബ്രാഹിം മൂതൂരും മുഖ്യമന്ത്രിയടക്കമുള്ളവരെ കണ്ട് നടത്തിയ ശ്രമങ്ങള്‍ക്ക് ശേഷമാണ് പ്രശ്‌നത്തിന് പരിഹാരമായത്. മാത്രമല്ല, എടപ്പാള്‍ അംശക്കച്ചേരിയില്‍നിന്ന് ഉദിനിക്കര വഴി സംസ്ഥാനപാതയിലെ അണ്ണക്കമ്പാട് എത്താനുള്ള റിങ് റോഡായും ഇതുമാറ്റാം. എടപ്പാള്‍ പട്ടണത്തിലെ ഗതാഗതക്കുരുക്കഴിക്കുന്നതിനുള്ള ഒരു മാര്‍ഗമായും റോഡ് ഉപയോഗിക്കാനാകും.

എടപ്പാള്‍ ബൈപാസിന് വഴി തുറക്കുന്നു

എടപ്പാള്‍ ജംക്ഷനിലെ ഗതാഗതക്കുരുക്കിനു പരിഹാരമായി പൊന്നാനി റോഡില്‍നിന്നു കുറ്റിപ്പുറം റോഡിലേക്കുള്ള ബൈപാസ് റോഡ് യാഥാര്‍ഥ്യത്തിലേക്ക്. പൊന്നാനി റോഡിലെ അംശക്കച്ചേരിയില്‍നിന്ന് എടപ്പാള്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വഴി കുറ്റിപ്പുറം റോഡിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാനുള്ള മാര്‍ഗമാണിത്. എന്നാല്‍ ഹൈസ്കൂളിന്റെ സ്ഥലം വിട്ടുകിട്ടുന്നതു സംബന്ധിച്ച സാങ്കേതികതടസ്സംമൂലം ഈ റോഡ് യാഥാര്‍ഥ്യമായിരുന്നില്ല.

ഇതേത്തുടര്‍ന്ന് തവനൂര്‍ മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഇബ്രാഹിം മൂതൂര്‍ , സ്കൂള്‍ പിടിഎ പ്രസിഡന്റ് സദാനന്ദന്‍ കാരാട്ട് എന്നിവരുടെ ശ്രമഫലമായി അഞ്ചേക്കറിലധികം വിസ്തൃതിയുള്ള സ്കൂളിന്റെ സ്ഥലത്തുനിന്ന് 22.17 സെന്റ് ഭൂമി വഴിക്കായി വിട്ടുനല്‍കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു.

സ്ഥലം വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് കലക്ടര്‍ക്ക് അഭ്യര്‍ഥനാപത്രം നല്‍കുന്നതിന് ജില്ലാ പഞ്ചായത്തിന് അധികൃതര്‍ രേഖാമൂലം നിര്‍ദേശം നല്‍കിയതോടെ വിദ്യാഭ്യാസ വകുപ്പില്‍നിന്നുള്ള നടപടികള്‍ പൂര്‍ത്തിയായി. കലക്ടറുടെ നടപടിക്രമങ്ങള്‍കൂടി പൂര്‍ത്തിയാകുന്നതോടെ റോഡ് യാഥാര്‍ഥ്യമാകും.


ഗ്രൌണ്ടിനു സമീപത്ത് താമസിക്കുന്ന ഒട്ടേറെ കുടുംബങ്ങള്‍ക്കും റോഡിന്റെ ഗുണം ലഭിക്കും. റോഡിനായി സ്ഥലം വിട്ടുനല്‍കിയ ശേഷം ചുറ്റുമതില്‍ കെട്ടുന്നതോടെ സ്കൂളിന്റെ സുരക്ഷ വര്‍ധിപ്പിക്കാനുമാകും. ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന സമയങ്ങളില്‍ പൊന്നാനി റോഡില്‍നിന്നു കുറ്റിപ്പുറം റോഡിലേക്കു പോകേണ്ട വാഹനങ്ങള്‍ ഇതുവഴി കടന്നുപോകുന്നതോടെ ടൌണിലെ കുരുക്ക് പരിധിവരെ കുറയ്ക്കാനാകും.

No comments :