Jan 29, 2014

ചമ്രവട്ടം ചോര്‍ച്ച: പരിഹാരം സംബന്ധിച്ച് ഉടന്‍ വിവരം നല്‍കണമെന്ന് മന്ത്രി

ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിജിലെ ചോര്‍ച്ച പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ചമ്രവട്ടത്ത് ജലസംഭരണത്തിന് തടസ്സമുണ്ടാകാതിരിക്കാന്‍ അടിയന്തരമായി നടത്തേണ്ട പ്രവൃത്തികളെക്കുറിച്ചും പാലത്തിന്റെ സ്ഥിതിയെക്കുറിച്ചുമാണ് മന്ത്രി പി.ജെ. ജോസഫിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ചീഫ് എന്‍ജിനീയര്‍മാരും ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ച നടത്തിയത്.

ഇനി നടത്തേണ്ട പ്രവൃത്തികളെക്കുറിച്ചു കൃത്യമായ വിവരങ്ങള്‍ രണ്ടു ദിവസത്തിനകം അറിയിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. പുഴയിലെ അമിത മണലെടുപ്പാണ് റഗുലേറ്ററിനു ഭീഷണിയായതെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. പുഴയുടെ അടിത്തട്ട് കാര്യമായി താഴ്ന്ന സാഹചര്യത്തില്‍ റഗുലേറ്റര്‍ കം ബ്രിജില്‍ ചില ഭേദഗതികള്‍ ആവശ്യമാണെന്ന് ഇറിഗേഷന്‍ വകുപ്പ് നേരത്തേ ആവശ്യപ്പെട്ടിരുന്നു. റഗുലേറ്ററിനടിയില്‍ ജലം തടഞ്ഞുനിര്‍ത്താനുള്ള സംവിധാനം ഒരുക്കണം. നിലവില്‍ തകര്‍ന്ന ഭാഗം ഉള്‍പ്പെടെയുള്ള ഷീറ്റ് പൈലുകള്‍ക്ക് സമാന്തരമായി പുഴയ്ക്കു കുറുകെ ഒരു കിലോമീറ്ററോളം നീളത്തില്‍ പുതിയ ഷീറ്റ് പൈല്‍ സ്ഥാപിക്കണമെന്നും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ മാസം റഗുലേറ്ററിലുണ്ടായ ചോര്‍ച്ച മണല്‍ പമ്പ് ചെയ്ത് അടച്ചിരുന്നു. യോഗത്തില്‍ ഇറിഗേഷന്‍ സെക്രട്ടറി, ചീഫ് എന്‍ജിനീയര്‍, ഡിസൈന്‍, പ്രോജക്ട് ചീഫ് എന്‍ജിനീയര്‍മാര്‍, സൂപ്രണ്ടിങ് എന്‍ജിനീയര്‍, പ്രോജക്ട് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ എന്നിവര്‍ പങ്കെടുത്തു. 

No comments :