Jan 4, 2014

ചമ്രവട്ടം റഗുലേറ്റര്‍ ജലസംഭരണത്തിന് ഭേദഗതികള്‍ ആവശ്യമെന്ന് ഇറിഗേഷന്‍ വകുപ്പ്

ഭാരതപ്പുഴയിലെ ജലസംഭരണം സാധ്യമാക്കാന്‍ ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിജില്‍ ചില ഭേദഗതികള്‍ ആവശ്യമെന്ന് ഇറിഗേഷന്‍ വകുപ്പ്. പുഴയില്‍ ഷട്ടറുകളടച്ച് ഈ വര്‍ഷം ജലം സംഭരിക്കുന്നതിന്റെ ഭാഗമായി ഇന്നലെ തൃശൂരില്‍ സൂപ്രണ്ടിങ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് ഭേദഗതികള്‍ വേണമെന്നു ചൂണ്ടിക്കാട്ടിയത്. റഗുലേറ്ററിനടിയില്‍ ബ്ളോക്ക് ഏപ്രണ് താഴെയായി കോണ്‍ക്രീറ്റ് കട്ട് ഓഫ് വാള്‍ നിര്‍മിക്കണമെന്ന നിലപാടിലാണ് വകുപ്പ് ഉദ്യോഗസ്ഥര്‍ . നിലവിലെ ഷീറ്റ് പൈലുകള്‍ക്ക് സമാന്തരമായി പുഴയ്ക്കു കുറുകെ ഒരു കിലോമീറ്റര്‍ നീളത്തില്‍ ഷീറ്റ് പൈല്‍ നിര്‍മിക്കണമെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. 

നിലവിലെ ഷീറ്റ് പൈലില്‍നിന്ന് ഏതാണ്ട് അഞ്ച് മീറ്ററോളം അകലത്തിലാണ് പുതിയ പൈലിങ് നടക്കേണ്ടത്. അമിത മണലെടുപ്പുമൂലം പുഴയുടെ അടിത്തട്ട് താഴ്ന്നുപോകുന്നതിനാലും, പുഴയില്‍ പദ്ധതി വിഭാവനം ചെയ്തതിലും മൂന്നിരട്ടി ജലം സംഭരിക്കേണ്ടി വന്ന സാഹചര്യത്തിലുമാണ് കോണ്‍ക്രീറ്റ് കട്ട് ഓഫ് വാളും ഷീറ്റ് പൈലും നിര്‍മിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. റഗുലേറ്റര്‍ കം ബ്രിജിലെ ചോര്‍ച്ചയുണ്ടായിരുന്ന ഭാഗങ്ങള്‍ മണല്‍ ഉപയോഗിച്ച് അടച്ചത് വിലയിരുത്തുന്നതിനായി ഇറിഗേഷന്‍ സെന്‍ട്രല്‍ സര്‍ക്കിള്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ സുനില്‍ ജോര്‍ജ് കഴിഞ്ഞദിവസം പദ്ധതിപ്രദേശം സന്ദര്‍ശിച്ചിരുന്നു. 

തുടര്‍ന്നാണ് അടിയന്തരമായി ഇന്നലെ യോഗം ചേര്‍ന്നത്. റഗുലേറ്ററിനോടനുബന്ധിച്ച് പുഴയുടെ ഏറ്റവും അടിത്തട്ടിലുള്ള സോളിഡ് ഏപ്രണ് കാര്യമായ തകരാറുകള്‍ സംഭവിച്ചിട്ടില്ലെന്നാണ് വിലയിരുത്തല്‍ . ബ്ളോക്ക് ഏപ്രണും ലൂസ് ഏപ്രണുമാണ് തകരാറുകള്‍ സംഭവിച്ചിട്ടുള്ളത്. പുഴയില്‍നിന്ന് മണല്‍ ഒഴുകുന്നതിനാല്‍ ബ്ളോക്ക് ഏപ്രണുകള്‍ നിരതെറ്റി താഴ്ന്നും പൊങ്ങിയും കിടക്കുന്ന സ്ഥിതിയാണ്.

No comments :