Feb 1, 2014

സമഗ്ര ശുദ്ധജല പദ്ധതി: തീരദേശത്ത് പ്രതീക്ഷയുടെ ഓളങ്ങള്‍

ചമ്രവട്ടം ജലസംഭരണി ഉപയോഗപ്പെടുത്തിയുള്ള പൊന്നാനി നഗരസഭയുടെ സമഗ്ര ശുദ്ധജല പദ്ധതി പ്രതിസന്ധികള്‍ തരണം ചെയ്ത് യാഥാര്‍ഥ്യത്തിലേക്കു നീങ്ങുമ്പോള്‍ തീരനാടിന്റെ പ്രതീക്ഷകളും വാനോളമുയരുകയാണ്. 66.2 കോടി രൂപയുടെ ബൃഹത് പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിച്ചതോടെ പൊന്നാനിയിലെ നിലവിലുള്ള ശുദ്ധജല സംവിധാനങ്ങള്‍ പൂര്‍ണമായി ആധുനിക പരിവേഷത്തിലേക്കു മാറുമെന്ന് ഉറപ്പായി.

പദ്ധതിക്ക് ഭരണാനുമതികൂടി ലഭിച്ചാല്‍ ടെന്‍ഡര്‍ നടപടികളിലേക്കു കടക്കാവുന്നതാണ്. കാലപ്പഴക്കംചെന്ന ജലവിതരണ പൈപ്പുകളും ടാങ്കുകളും മാറ്റി പുതിയവ നിര്‍മിക്കുന്നതടക്കമുള്ള പദ്ധതിയുടെ 80 ശതമാനം വിഹിതവും കേന്ദ്ര സര്‍ക്കാരാണ് വഹിക്കുക. പത്ത് ശതമാനം വീതം നഗരസഭയും സംസ്ഥാന സര്‍ക്കാരുമാണ് വഹിക്കേണ്ടത്. ഉപഭോക്തൃവിഹിതമായി 6.6 കോടി രൂപ എങ്ങനെ കണ്ടെത്തുമെന്ന ആശങ്ക പരിഹരിക്കാന്‍ ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ മുന്നിട്ടിറങ്ങിയതോടെയാണ് പ്രതിസന്ധികള്‍ എങ്ങനെയും പരിഹരിക്കാമെന്ന ആത്മവിശ്വാസം നഗരസഭയ്ക്ക് ലഭിച്ചത്.

ചമ്രവട്ടം ജലസംഭരണിയില്‍നിന്നും നരിപറമ്പില്‍ സ്ഥാപിക്കുന്ന ശുദ്ധീകരണ ശാലയിലൂടെ ശുദ്ധീകരിച്ചെടുക്കുന്ന ജലം കടലോരത്തേക്കും നഗരപ്രദേശങ്ങളിലേക്കുമായി വ്യത്യസ്ത ടാങ്കുകളിലേക്കെത്തിച്ച് വിതരണം ചെയ്യാനാണ് ലക്ഷ്യം. ഒരു വ്യക്തിക്ക് ദിവസവും 135 ലീറ്റര്‍ ശുദ്ധജലമെത്തിക്കുന്ന പദ്ധതിയാണിത്. മൂന്നു വര്‍ഷത്തിനുള്ളില്‍ പദ്ധതി യാഥാര്‍ഥ്യമാക്കണമെന്നാണ് ഇ. ശ്രീധരന്‍ ചൂണ്ടിക്കാട്ടിയിരുന്നത്. റോഡരികിലെ പൈപ്പുകള്‍ പൊട്ടി ജലവിതരണം തടസ്സപ്പെടുന്നതടക്കമുള്ള പ്രശ്നങ്ങള്‍ പുതിയ പദ്ധതി വരുന്നതോടെ ഇല്ലാതാകും. 

No comments :