കാറ്റൊന്ന് ആഞ്ഞുവീശിയാല്‍ ഇടിഞ്ഞു വീഴാവുന്ന കെട്ടിടങ്ങള്‍, ഒരേസമയം ഒന്നിലധികം വാഹനങ്ങള്‍ക്കു കടന്നുപോകാനാവാത്ത ദേശീയപാത, ഇടുങ്ങിയ പാലം- പൊന്നാനി അങ്ങാടിയിലെ യാത്രാദുരിതവും അപകടഭീഷണിയും ഏറെ ആശങ്കകള്‍ക്കിടയാക്കുകയാണ്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള അങ്ങാടിയിലെ കെട്ടിടങ്ങള്‍ ഇടിഞ്ഞു വീഴുന്ന അവസ്ഥയിലാണ്. ചില കെട്ടിടങ്ങള്‍ നിലംപൊത്തിക്കഴിഞ്ഞു. ഭാഗ്യംകൊണ്ടു മാത്രമാണ് ദുരന്തങ്ങളൊഴിവായത്. പതിറ്റാണ്ടുകളായി വികസനം കാത്തിരിക്കുന്ന പാതയില്‍ അപകടങ്ങള്‍ വര്‍ധിച്ചു വരികയാണ്.
രണ്ടു മാസം മുന്‍പ് കെട്ടിടം തകര്‍ന്നുവീണു രണ്ടുപേര്‍ക്കു പരുക്കേറ്റതിനെ ത്തുടര്‍ന്ന് അപകടാവസ്ഥയിലായ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുന്നതിന് തഹസില്‍ദാരുടെ നേതൃത്വത്തില്‍ നടപടികളാരംഭിച്ചിരുന്നെങ്കിലും എങ്ങുമെത്തിയിട്ടില്ല. കാലപ്പഴക്കംചെന്ന കെട്ടിടങ്ങള്‍ നീക്കിയാല്‍ മാത്രമേ ഇൌ ഭാഗത്ത് റോഡ് വികസനവും യാഥാര്‍ഥ്യമാവുകയുള്ളൂ. കോടതി, സിവില്‍ സ്റ്റേഷന്‍, സബ് ജയില്‍, ഫിഷറീസ്, പോര്‍ട്ട്, ഹാര്‍ബര്‍, ട്രഷറി തുടങ്ങി ഒട്ടേറെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കോടതിപ്പടിയിലെത്തണമെങ്കില്‍ അങ്ങാടിപ്പാലത്തിലൂടെയുള്ള ഇടുങ്ങിയ റോഡിലൂടെ യാത്രചെയ്യണം.
ബസുകളെല്ലാം ഗതാഗതക്കുരുക്കൊഴിവാക്കുന്നതിനായി വണ്‍വേ സമ്പ്രദായം പിന്‍തുടരുന്നതിനാല്‍ യാത്രക്കാര്‍ക്കു കോടതിപ്പടിയില്‍നിന്നു ചമ്രവട്ടം ജംക്ഷനിലെത്താന്‍ ഏറെ ചുറ്റേണ്ടിവരുന്ന അവസ്ഥയാണ്. പൊന്നാനിയില്‍ ഫിഷിങ് ഹാര്‍ബറും കാര്‍ഗോ പോര്‍ട്ടും പ്രവര്‍ത്തനസജ്ജമാകുമ്പോള്‍ റോഡ് വികസനം യാഥാര്‍ഥ്യമായില്ലെങ്കില്‍ യാത്ര കൂടുതല്‍ ദുഷ്കരമായിരിക്കും.
No comments :
Post a Comment