കനോലി കനാല്‍ വികസനത്തിനു രണ്ടാമത് അനുവദിച്ച തുകയും പാഴാകുമെന്ന് ആശങ്ക. നേരത്തേ കനാല്‍ നവീകരണത്തിന് അനുവദിച്ച 36 കോടി രൂപയില്‍ കൃത്യസമയത്ത് ചെലവഴിക്കാത്തതിനാല്‍ 30 കോടി പാഴായിരുന്നു. ഇത്തവണ അനുവദിച്ച 14 കോടി രൂപയോളം ചെലവഴിക്കുന്നതിന് ഇതുവരെ നടപടിയായില്ല. ഉള്‍നാടന്‍ ജലഗതാഗതം പുനരാരംഭിക്കുന്നതിന് ഒരു പതിറ്റാണ്ട് മുന്‍പാണ് കനോലി കനാലിന്റെ നവീകരണം തുടങ്ങിയത്.
ആദ്യഘട്ടത്തില്‍ പുതുപൊന്നാനി പുഴ മുതല്‍ അഴിമുഖംവരെ 4,020 മീറ്റര്‍ നവീകരിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഇതിനായി ആറുകോടി രൂപ അനുവദിക്കുകയും ചെയ്തു. കനാലിന്റെ ഇരുഭാഗത്തും പൈലിങ്ങും കോണ്‍ക്രീറ്റ് സ്ലാബുകള്‍ ഉപയോഗിച്ച് ഭിത്തിനിര്‍മാണവും നടത്തി. ഏഴ് കരാറുകാര്‍ക്കായി നിര്‍മാണം വീതിച്ചുനല്‍കിയിരുന്നെങ്കിലും കൂടുതല്‍ സമയം നല്‍കിയിട്ടും ഒരാളും നിര്‍മാണം പൂര്‍ത്തിയാക്കിയില്ല.
12-ാം ധനകാര്യ കമ്മിഷനില്‍ പെടുത്തിയാണു 36 കോടി അനുവദിച്ചത്. 2010 മാര്‍ച്ചില്‍ കമ്മിഷന്‍ കാലാവധി തീര്‍ന്നതോടെ 30 കോടിയും പാഴായി. ഗ്രാമപ്രദേശങ്ങളെ കോര്‍ത്തിണക്കിപോകുന്ന കനാലിലൂടെ ഗതാഗതം തുടങ്ങുന്നതിനായി 13-ാം ധനകാര്യ കമ്മിഷന്‍ 14 കോടിയിലധികം തീരമേഖലയ്ക്ക് അനുവദിച്ചെങ്കിലും ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്ക് കാരണം അതും പാഴാകുമെന്ന ആശങ്കയിലാണ്.
No comments :
Post a Comment