May 30, 2012

പ്രതീക്ഷയോടെ പൊന്നാനി

ബുധനാഴ്ച തിരുവനന്തപുരത്തുചേര്‍ന്ന യോഗം പ്രതീക്ഷയോടെയാണ് പൊന്നാനിക്കാര്‍ കാണുന്നത്. എറണാകുളത്തുനിന്ന് കോഴിക്കോട്ടേക്കുള്ള ദൂരം 38 കിലോമീറ്ററോളം കുറയുന്നതിനാല്‍ നൂറുകണക്കിന് വാഹനങ്ങളാണ് ചമ്രവട്ടം പാലംവഴി കടന്നുപോവുന്നത്. കൂടാതെ ഇരുപതിലേറെ കെ.എസ്.ആര്‍.ടി.സി ബസ്സുകളും. പാലത്തിന്റെ ഇരുകരകളിലായുള്ള അനുബന്ധറോഡുകള്‍ ഇടുങ്ങിയവയാണ്. കൂടെ വളവുകളും തിരിവുകളും. ഗതാഗതക്കുരുക്കൊഴിഞ്ഞ നേരമില്ല. കരാറുകാരുടെ അനാസ്ഥമൂലം നിര്‍മാണം നിലച്ച കുറ്റിപ്പുറം ചമ്രവട്ടം ജങ്ഷന്‍ റീച്ചിന്റെ നിര്‍മ്മാണം സംസ്ഥാനസര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് പൂര്‍ത്തീകരിക്കുകയെന്നതാണ് പ്രധാന ആവശ്യം.

നരിപ്പറമ്പ് മുതല്‍ ചമ്രവട്ടം ജങ്ഷന്‍ വരെയുള്ള തവനൂര്‍ റോഡിലെ അനധികൃത കയ്യേറ്റങ്ങളും വഴിയോരക്കച്ചവടങ്ങളും ഒഴിപ്പിക്കാനും ഉപയോഗശൂന്യമായ ടെലിഫോണ്‍ പോസ്റ്റുകള്‍ എടുത്തുമാറ്റാനും ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കാനും ചമ്രവട്ടം ജങ്ഷനിലെ അനധികൃത വാഹന പാര്‍ക്കിങ് നിരോധിക്കാനും കഴിഞ്ഞദിവസം നഗരസഭയില്‍ ചേര്‍ന്ന ട്രാഫിക് സമിതിയോഗം തീരുമാനിച്ചിരുന്നു. ഈ പദ്ധതി എത്രയുംവേഗം നടപ്പാക്കിയാല്‍ തന്നെ നരിപ്പറമ്പിലും ചമ്രവട്ടം ജങ്ഷനിലുമുണ്ടാകുന്ന ഗതാഗതക്കുരുക്കിന് ഏറെ പരിഹാരമാകും.

നരിപ്പറമ്പ് ഭാഗത്ത് അപ്രോച്ച്‌റോഡ് ബന്ധിപ്പിക്കുന്ന നടക്കാവ് -നരിപ്പറമ്പ് റോഡില്‍ തണ്ടിലം വരെയുള്ള ഭാഗം വീതികൂട്ടിയാല്‍ മാത്രമേ വലിയ വാഹനങ്ങള്‍ക്ക് കുറ്റിപ്പുറം പുതുപൊന്നാനി ദേശീയപാതയിലൂടെ പോകാനാവൂ. വാഹനങ്ങള്‍ ഈ പാത തിരഞ്ഞെടുത്താല്‍ ചമ്രവട്ടം ജങ്ഷന്‍ റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാകും.

No comments :