Apr 15, 2014

എളുപ്പപ്പണി നോക്കി അധികൃതര്‍ ചോര്‍ച്ചയൊഴിയാതെ ചമ്രവട്ടം കോണ്‍ക്രീറ്റ് ഏപ്രണുകള്‍ ബലപ്പെടുത്തല്‍ വൈകുന്നു

ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിജ് ആശങ്കയൊഴിയാതെ തീരദേശം. റഗുലേറ്ററില്‍ ഇളകി നിരതെറ്റിക്കിടക്കുന്ന കോണ്‍ക്രീറ്റ് ഏപ്രണുകള്‍ ബലപ്പെടുത്തല്‍ വൈകുന്നു. ഏപ്രണുകള്‍ സുരക്ഷിതമാക്കിയില്ലെങ്കില്‍ വീണ്ടും ചോര്‍ച്ചയുണ്ടാകുമെന്നുറപ്പാണ്. നിലവില്‍ ഷട്ടറുകള്‍ക്കടിയിലെ ചോര്‍ച്ചയടയ്ക്കുന്നതിന് പമ്പിങ് നടക്കുന്നുണ്ടെങ്കിലും കോണ്‍ക്രീറ്റ് സ്ളാബുകള്‍ ഇളകിനില്‍ക്കുന്നതും തൊട്ടടുത്ത് നിരത്തിയിട്ടുള്ള കരിങ്കല്ലുകള്‍ പുഴയില്‍ പരന്നുകിടക്കുന്നതുമെല്ലാം പുഴയിലെ ജലസംഭരണത്തിന് കടുത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്. റഗുലേറ്റര്‍ കം ബ്രിജിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് എത്രയും വേഗം നിര്‍മാണം തുടങ്ങാന്‍ തീരുമാനിച്ചിരുന്നെങ്കിലും താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ മാത്രമാണ് നടന്നുവരുന്നത്.

ഇത്തവണയും ജലസംഭരണം സാധ്യമാകാത്തതിനാല്‍ നഗരസഭയിലും സമീപ പഞ്ചായത്തുകളിലുമെല്ലാം ശുദ്ധജല ക്ഷാമം ഇരട്ടിയാണ്. കൃഷിയിടങ്ങള്‍ വറ്റിവരണ്ട അവസ്ഥയിലാണ്. പമ്പിങ് നടത്താന്‍ തയാറായി നില്‍ക്കുന്ന ലിഫ്റ്റ് ഇറിഗേഷനുകളും പുഴയില്‍ വെള്ളമില്ലാത്തതിനാല്‍ കൃത്യമായി പ്രവര്‍ത്തിക്കാനാകുന്നില്ല. കോടികള്‍ ചെലവഴിച്ച് ചമ്രവട്ടം പദ്ധതി യാഥാര്‍ഥ്യമാക്കിയിട്ടും പ്രദേശവാസികള്‍ക്ക് ഇതുവരെയും പദ്ധതിയുടെ ഗുണഫലങ്ങള്‍ അനുഭവിക്കാന്‍ കഴിഞ്ഞിട്ടില്ല. പുഴയില്‍ ജലസംഭരണം സാധ്യമാകാത്തതിനെതിരെ പ്രതിഷേധം വ്യാപകമായിട്ടും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ വൈകുന്നത് ഏറെ ദുരൂഹതകള്‍ക്കിടയാക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു.

No comments :