Apr 29, 2014

വേനല്‍ കടുത്തു; ബിയ്യം റഗുലേറ്ററിന്റെ ജലനിരപ്പ് താഴ്ന്നു

വേനല്‍മഴ കുറഞ്ഞതിനെത്തുടര്‍ന്ന് പൊന്നാനി താലൂക്കില്‍ ശുദ്ധജലം കിട്ടാക്കനിയാകുന്നു. തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലെ മൂന്ന് താലൂക്കുകളിലെ പ്രധാന ജലസ്രോതസ്സായ പൊന്നാനി കോളിലാണ് വേനല്‍മഴ ഇത്തവണ നന്നേ കുറഞ്ഞത്.

തുലാമാസത്തില്‍ വേനല്‍മഴയുടെ കുറവ് അനുഭവപ്പെട്ടതിനാല്‍ കോളിലെ പ്രധാനസംഭരണ കേന്ദ്രമായ ബിയ്യം റഗുലേറ്റര്‍ കഴിഞ്ഞദിവസം വറ്റി. കോള്‍മേഖലയില്‍ പകല്‍സമയത്ത് കനത്ത ചൂട് തുടരുന്നതിനാല്‍ നരണിപ്പുഴ, നൂറടിത്തോട് എന്നിവിടങ്ങളിലായി ശരാശരി 10,000 ദശലക്ഷം ലിറ്റര്‍ ജലം മാത്രമാണ് അവശേഷിക്കുന്നത്. കോള്‍ മേഖലയില്‍ ജലത്തിന്റെ അളവിലുണ്ടായ വ്യത്യാസം താലൂക്കിന്റെ മാറഞ്ചേരി, വെളിയങ്കോട്, പെരുമ്പടപ്പ്, നന്നംമുക്ക്, ആലങ്കോട് പഞ്ചായത്തുകളെ ഏറെ ബാധിച്ചിട്ടുണ്ട്. ഇവിടത്തെ കിണറുകള്‍ വറ്റിക്കൊണ്ടിരിക്കുകയാണ്.
മഴയുടെ കുറവിനുപുറമെ വെള്ളം സംഭരിച്ചുവെക്കാന്‍ സൗകര്യമില്ലാതിരുന്നത് കോള്‍മേഖലയില്‍ വരള്‍ച്ചയ്ക്ക് കാരണമായി. ജലസേചനവകുപ്പിന്റെ സംഭരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കാത്തതിനെത്തുടര്‍ന്ന് കൃഷി സമയത്ത് ഉണ്ടായ അമിതജലം ബിയ്യം റഗുലേറ്റര്‍ വഴി കടലിലേക്ക് ഒഴുക്കിവിടുകയാണ് ചെയ്തത്.
വരള്‍ച്ച മുന്നില്‍ക്കണ്ട് പന്താവൂര്‍, ഒതളൂര്‍, പട്ടിശ്ശേരി എന്നിവിടങ്ങളിലെ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികളില്‍ ജലം സംഭരിച്ചുവെക്കാന്‍ സംവിധാനം ഉണ്ടെങ്കിലും അധികൃതരുടെ അനാസ്ഥയെത്തുടര്‍ന്ന് ഇത്തവണ ഒരു തുള്ളി ജലം പോലും സംഭരിക്കാനായിട്ടില്ല. വരും ദിവസങ്ങളില്‍ വേനല്‍മഴ കനിഞ്ഞില്ലെങ്കില്‍ കൃഷിക്ക് പുറമേ ശുദ്ധജലത്തിനും കടുത്ത ക്ഷാമം ഉണ്ടാകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.

No comments :