Feb 25, 2015

പൊന്നാനി-കുറ്റിപ്പുറം പാതയില്‍ സര്‍വീസിന് കെഎസ്ആര്‍ടിസി

അടുത്ത മാസം ഗതാഗതത്തിന് തുറന്നുകൊടുക്കുന്ന പൊന്നാനി-കുറ്റിപ്പുറം ദേശീയപാതയിലൂടെ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിക്കാന്‍ നീക്കം. പൊന്നാനിയില്‍നിന്ന് കുറ്റിപ്പുറത്തേക്ക് എളുപ്പത്തില്‍ എത്തിച്ചേരുന്ന അയങ്കലംവഴി ദേശീയപാതയിലൂടെയാണ് കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിക്കുന്നത്.

ആദ്യഘട്ടത്തില്‍ പൊന്നാനി ഡിപ്പോയില്‍നിന്ന് കുറ്റിപ്പുറം ബസ് സ്റ്റാന്‍ഡിലേക്കാണ് ബസ് സര്‍വീസ് ആരംഭിക്കുക. പുതിയ പാതവഴി പൊന്നാനിയില്‍നിന്ന് കുറ്റിപ്പുറം വരെ 16.2 കിലോമീറ്ററാണ് ദൂരം. എടപ്പാള്‍വഴി പോകുന്നതിനേക്കാള്‍ 6.5 കിലോമീറ്റര്‍ ദൂരവും അരമണിക്കൂര്‍ സമയവും ലാഭം. പ്രാഥമിക ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസം നടന്നു. ലോക്കല്‍ സര്‍വീസിനു പുറമേ കുന്നംകുളം ടൌണ്‍ ഒഴിവാക്കി തൃശൂരില്‍നിന്നും ഗുരുവായൂരില്‍നിന്നും ചാവക്കാട്, ചമ്രവട്ടം ജംക്ഷന്‍ വഴി കുറ്റിപ്പുറത്തേക്ക് സര്‍വീസ് നടത്താനും ആവശ്യമുയര്‍ന്നു.

സര്‍വീസ് നടത്തുന്നത് സംബന്ധിച്ച് പൊന്നാനി ഡിപ്പോയില്‍ ചാര്‍ജുള്ള ഓഫിസര്‍ ഇല്ലാത്തതിനാല്‍ തൃശൂരിലെ കെഎസ്ആര്‍ടിസി സോണല്‍ ഓഫിസറാണ് പഠനം നടത്തേണ്ടത്. അതിനുശേഷമാകും കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് ആരംഭിക്കുക.  ലോ ഫ്ലോര്‍ യോജ്യം പൊന്നാനി-കുറ്റിപ്പുറം പാതയില്‍ കെഎസ്ആര്‍ടിസിയുടെ ലോ ഫ്ലോര്‍ ബസുകള്‍ യോജ്യം.

ജവാഹര്‍ ലാല്‍ നെഹ്റു ദേശീയ നഗര നവീകരണ ദൌത്യപ്രകാരം അനുവദിച്ച ലോ ഫ്ലോര്‍ ബസുകള്‍ പൊന്നാനി ഡിപ്പോയ്ക്ക് കൂടുതല്‍ അനുവദിച്ചാല്‍ മാത്രമാണ് ഇത്തരം ബസുകളിലൂടെ പുതിയ പാതയിലൂടെ സര്‍വീസ് നടത്താനാകു. പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് നടത്തുന്നതിനായി പഴഞ്ചന്‍ ബസുകള്‍ ഓടിക്കുമെങ്കിലും പിന്നീട് ലോ ഫ്ലോര്‍ ബസുകള്‍ കൂടുതല്‍ ഓടിക്കാമെന്ന പ്രതീക്ഷയിലാണ് കെഎസ്ആര്‍ടിസി.

No comments :