Oct 13, 2018

ഇരുട്ടിനെ പേടിച്ച് ബസുകൾ


ഇരുട്ടിനെ ഭയന്ന് കെഎസ്ആർടിസി ബസും സ്വകാര്യ ബസുകളും. രാത്രിയിൽ ബസുകൾ നേരത്തെ സർവീസ് അവസാനിപ്പിക്കുന്നതിനാൽ തിരിച്ചെത്താൻ മാർഗമില്ലാതെ പെരുവഴിയിൽ കുടുങ്ങി പൊന്നാനിക്കാർ വലയുന്നു. എട്ടര കഴിഞ്ഞാൽ എടപ്പാളിൽനിന്നു പൊന്നാനിയിലേക്കെത്താൻ ബസില്ല. ഓട്ടോ ചാർജാണെങ്കിൽ 250 രൂപ വരെയാണ് ഇൗടാക്കുന്നത്. ആറര കഴിഞ്ഞാൽ കുറ്റിപ്പുറത്തുനിന്നു പൊന്നാനിയിലെത്തണമെങ്കിലും ഇതേ ദുരിതമാണ്. ചാവക്കാട്, ചങ്ങരംകുളം ഭാഗങ്ങളിൽനിന്നു രാത്രിയിൽ ബസില്ല.

തിരൂരിൽനിന്ന് ഒൻപതരയ്ക്കാണ് അവസാന ബസ്. അതുകഴിഞ്ഞാൽ പൊന്നാനിയിലെത്തിപ്പെടാൻ ഒരു മാർഗവുമില്ല. വിവിധ ഭാഗങ്ങളിൽ ജോലിചെയ്യുന്ന പതിവുയാത്രക്കാരായ പൊന്നാനിക്കാർ രാത്രിയിൽ വീട്ടിലെത്തിപ്പെടാൻ കുറച്ചൊന്നുമല്ല കഷ്ടപ്പെടുന്നത്. ഒട്ടേറെ തവണ പരാതികൾ നൽകിയെങ്കിലും അധികൃതർ കണ്ടഭാവം നടിച്ചിട്ടില്ല.

രാത്രിയിൽ എടപ്പാൾ വഴി വന്നിരുന്ന പാലക്കാട്–പൊന്നാനി കെഎസ്ആർടിസി ബസ് ഗുരുവായൂർ വഴിയാക്കി മാറ്റിയത് യാത്രക്കാർക്ക് ഇരുട്ടടിയായി. യാത്രക്കാരുടെ ദുരിതം നോക്കാതെ ലാഭം മുന്നിൽക്കണ്ടാണ് ഡിപ്പോ അധികൃതർ സർവീസ് റൂട്ട് മാറ്റി ഓടിക്കുന്നത്. ഇതിനെതിരെ ജനപ്രതിനിധികൾപോലും ശബ്ദമുയർത്തിയിട്ടില്ല. യാത്രക്കാർ പറയുന്നു. രാത്രിയിൽ വഴിയിൽ കുടുങ്ങുന്ന യാത്രക്കാർ ചരക്ക് ലോറികൾക്കുൾപ്പെടെ കൈകാണിച്ച് ഏതെങ്കിലും വണ്ടിക്കാർ കനിയുമെന്ന പ്രതീക്ഷയിൽ മണിക്കൂറുകളോളമാണ് റോഡിൽ കാത്തുനിൽക്കുന്നത്. പ്രധാന റൂട്ടുകളിൽ രാത്രി സർവീസുകൾ തുടങ്ങണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

No comments :